കൊച്ചി: മാവോയിസ്റ്റ്, നക്‌സലൈറ്റ് ഭീഷണികളിൽ നിന്ന് കേരളം മുക്തമായി.സുരക്ഷാസേനകൾ നടപടി കടുപ്പിക്കുകയും നേതാക്കൾ കൊല്ലപ്പെടുകയോ കീഴടങ്ങുകയോ ചെയ്‌തതോടെയാണ് ഇത്.
നക്‌സലൈറ്റ് ഭീഷണിയുള്ള സംസ്ഥാനങ്ങളുടെ പുതിയ കേന്ദ്ര പട്ടികയിൽ കേരളമില്ല. എന്നാൽ സംസ്ഥാനത്തെ അഞ്ചു മാവോയിസ്റ്റ് കേസുകളിൽ എൻ.ഐ.എ അന്വേഷണവും വിചാരണയും തുടരുകയാണ്.
വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ വനമേഖലകളായിരുന്നു മാവോയിസ്റ്റ് ഭീഷണിയുണ്ടായിരുന്ന പ്രദേശങ്ങൾ.
ഇതിൽ വയനാട്ടിലായിരുന്നു കൂടുതൽ ഭീഷണി. സംസ്ഥാനത്തിന്റെ പ്രത്യേകസേനയും കേന്ദ്ര ഏജൻസികളും കടുത്ത നടപടികൾ സ്വീകരിച്ചതോടെയാണ് പ്രവർത്തനം നിലച്ചത്.
ആറുപേർ കൊല്ലപ്പെട്ടതോടെ മാവോയിസ്റ്റ് സംഘമായ ഭവാനീദളം പൂർണമായും ഇല്ലാതായി. കേരളത്തിന്റെ സംഘടനാചുമതല വഹിച്ചിരുന്ന കേന്ദ്ര കമ്മിറ്റിയംഗം കുപ്പുദേവരാജും കൊല്ലപ്പെട്ടു.
തമിഴ്നാട്, കർണാടക അതിർത്തിമേഖലകളിൽ പ്രവർത്തനം നിയന്ത്രിച്ചിരുന്ന അജിത, വേൽമുരുകൻ, രമ, അരവിന്ദ്, കാർത്തിക്, സി.പി.ജലീൽ തുടങ്ങിയവരും കൊല്ലപ്പെട്ടു.
രാജൻ ചിറ്റിലപ്പള്ളി, രൂപേഷ്, ശോഭ, ദീപക്, മനോജ്, ബാബു ഇബ്രാഹിം, കന്യാകുമാരി തുടങ്ങിയവർ ജയിലിലായി. അംഗങ്ങളെ ഏകോപിപ്പിക്കാൻ കഴിയാത്തതും പുതിയ ആളുകൾ വരാത്തതും സംഘടനയെ ദുർബലമാക്കി.
തുടർച്ചയായ റെയ്ഡുകളും അറസ്റ്റും കാരണം അർബൻ നക്‌സലുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാവോയിസ്റ്റ് അനുഭാവികളും പിൻവാങ്ങിയിട്ടുണ്ട്.
മാവോയിസ്റ്റുകൾ ഇടയ്‌ക്കിടെ പ്രത്യക്ഷപ്പെട്ടിരുന്ന വയനാട്ടിലും ഇവരുടെ പ്രവർത്തനം നിലച്ചെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ.
നക്‌സലിസമുള്ള രാജ്യത്തെ ജില്ലകൾ 38ൽ നിന്ന് 18ആയി കുറഞ്ഞെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നത്. ഇതിൽ തീവ്രനക്‌സലിസമുള്ള ജില്ലകൾ 12ൽ നിന്ന് ആറായി കുറഞ്ഞു പ്രശ്നബാധിത ജില്ലകൾ 17ൽ നിന്ന് ആറായി മാറി.
2026 ഏപ്രിലോടെ രാജ്യത്തു നിന്നും നക്‌സലിസം പൂർണമായി ഇല്ലാതാക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം.
എൻ.ഐ.എ കേസുകൾ
എടക്കര ആയുധപരിശീലനംപ്രതികൾ: ബി.ജി.കൃഷ്‌ണമൂർത്തി, സാവിത്രി, രാഘവേന്ദ്ര ഉൾപ്പെടെ 20 പേർ
തലപ്പുഴ വെടിവയ്‌പ്പ്പ്രതികൾ: ചന്ദ്രു, ഉണ്ണിമായ, സുന്ദരി, ലത
വയനാട് കെ.എഫ്.ഡി.സി ആക്രമണംപ്രതികൾ: മൊയ്‌തീൻ, സന്തോഷ്, സോമൻ, മനോജ്
മാവോയിസ്റ്റ് റിക്രൂട്ട്മെന്റ്പ്രതികൾ: സഞ്ജയ് ദീപക് റാവു, പിനാക പാണി, വരലക്ഷ്‌മി
കോഴിക്കോട് കേസ്പ്രതികൾ: അലൻ, താഹ അടക്കമുള്ളവർ