അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ കണക്കിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ഈ വർഷം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആണെന്നുള്ള സ്ഥിരീകരണമാണ് വന്നിരിക്കുന്നത്.
നേരത്തെ പുറത്തുവന്ന കണക്കുകൾ പ്രകാരം. 18 പേർക്ക് മാത്രമായിരുന്നു രോഗം ബാധിച്ചത്. എന്നാൽ ഇപ്പോൾ പുറത്തുവന്ന സ്ഥിരീകരിച്ച കണക്കുകൾ പ്രകാരം 66 പേർക്ക് രോഗം ബാധിച്ചതായാണ് റിപ്പോർട്ട്.
മുൻപ് രണ്ട് മരണം മാത്രമായിരുന്നു സ്ഥിരീകരിച്ചിരുന്നത്. കണക്കുകളിൽ അവ്യക്തത ചർച്ചയായതിന് പിന്നാലെയാണ് രോഗം ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണത്തിൽ ആരോഗ്യ വകുപ്പ് വ്യക്തത കൊണ്ടുവന്നത്.
ഇന്നലെ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ മാസം മാത്രം 19 പേർക്ക് രോഗബാധയുണ്ടാവുകയും ഏഴ് പേർ മരണപ്പെടുകയും ചെയ്തു എന്നാണ് സ്ഥിരീകരിച്ച ഏറ്റവും പുതിയ വിവരം.
അമീബിക് മസ്തിഷ്കജ്വരം എന്താണ്?
അമീബിക് മസ്തിഷ്കജ്വരം അത്യപൂർവമായെങ്കിലും വളരെ അപകടകാരിയായ രോഗബാധയാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങുകയോ നീന്തുകയോ ചെയ്യുന്നവരിലാണ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നിവ പോലുള്ള അമീബ വിഭാഗത്തിലെ സൂക്ഷ്മാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.
97 ശതമാനത്തിലധികം മരണനിരക്കുള്ള ഈ രോഗം, മെഡിക്കൽ രംഗത്ത് ഏറ്റവും ഭീതിജനകമായ അണുബാധകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
മൂക്കിന്റെയും തലച്ചോറിന്റെയും ഇടയിലുള്ള നേർത്ത പാളിയിലെ സുഷിരങ്ങളിലൂടെ അമീബ ശരീരത്തിൽ കടന്ന് മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുന്നു.
രോഗം പകരുമോ?
ഒരു പ്രധാന ആശ്വാസകരമായ വിവരം: മനുഷ്യനിൽ നിന്നും മറ്റൊരാൾക്കു രോഗം പകരില്ല.
പ്രധാനമായും കെട്ടിക്കിടക്കുന്ന, മലിനമായ വെള്ളത്തിലെ ചെളിയിലാണ് അമീബ ജീവിക്കുന്നത്. വെള്ളത്തിൽ കളിക്കുന്നതിനിടയിൽ അമീബ മൂക്കിലൂടെ ശരീരത്തിലേക്ക് കടക്കുന്നു.
രോഗബാധ സംഭവിച്ചാൽ ഒന്ന് മുതൽ ഒൻപത് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നു.
രോഗലക്ഷണങ്ങൾ
#ശക്തമായ തലവേദന
#പനി
#ഓക്കാനം, ഛർദ്ദി
#കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്
#വെളിച്ചത്തോട് അസഹിഷ്ണുത
കുട്ടികളിൽ:
#ഭക്ഷണം കഴിക്കാനുള്ള വിസമ്മതം
#അസാധാരണമായ പ്രതികരണം
#ഊർജ്ജലോപം
രോഗം ഗുരുതരമായാൽ:
അപസ്മാരം
ബോധക്ഷയം
ഓർമ്മക്കുറവ്
പ്രതിരോധ മാർഗങ്ങൾ
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങുകയോ മുഖം കഴുകുകയോ ഒഴിവാക്കണം.
വർഷങ്ങളായി വൃത്തിയാക്കാത്ത ജലസംഭരണികളുടെ വെള്ളം ഉപയോഗിക്കുന്നത് ശ്രദ്ധിക്കണം.
ചെവിയിൽ പഴുപ്പ് ഉള്ളവർ, മൂക്കിൽ ശസ്ത്രക്രിയ നടത്തിയവർ, തലയിൽ ക്ഷതമുള്ളവർ പ്രത്യേകം ജാഗ്രത പാലിക്കണം.
കുളങ്ങളും തോട്ടുകളും ശുചീകരിക്കാത്ത വെള്ളത്തിൽ മൃഗങ്ങളെ കുളിപ്പിക്കരുത്.
വാട്ടർ തീം പാർക്കുകളിലെക്കും സ്വിമ്മിങ് പൂളുകളിലെക്കും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.
മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക. ആവശ്യമെങ്കിൽ നേസൽ ക്ലിപ്പ് ഉപയോഗിക്കുക.
ചികിത്സ
അമീബിക് മസ്തിഷ്കജ്വരത്തിന് വേഗത്തിൽ ചികിത്സ ആരംഭിക്കുന്നത് ജീവൻ രക്ഷിക്കാൻ നിർണായകമാണ്.
പി.സി.ആർ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്.
അമീബയ്‌ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന അഞ്ച് മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സ. രോഗലക്ഷണങ്ങൾ പ്രകടമായ ഉടൻ തന്നെ ആശുപത്രി സമീപിക്കുന്നതിലൂടെ രോഗമുക്തി സാധ്യമാണ്.
സമൂഹത്തിനുള്ള മുന്നറിയിപ്പ്
കേരളത്തിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി അമീബിക് മസ്തിഷ്കജ്വരത്തെക്കുറിച്ച് നിരന്തരം മുന്നറിയിപ്പുകൾ ഉയർന്നുകൊണ്ടിരിക്കുകയാണ്.
ശുദ്ധജലം ഉപയോഗിക്കുന്ന ശീലവും ജാഗ്രതയും പാലിക്കാത്ത പക്ഷം, ഇത്തരം അപൂർവരോഗങ്ങൾക്കും വലിയ അപകടങ്ങൾക്കും വഴിയൊരുങ്ങും.
വാർത്ത കേൾക്കുമ്പോൾ ഭയം തോന്നാമെങ്കിലും, ശ്രദ്ധയും മുൻകരുതലുകളും സ്വീകരിച്ചാൽ രോഗത്തെ ഒഴിവാക്കാനാകും.
ENGLISH SUMMARY:
Kerala health department confirms 17 deaths and 66 infections from Amebic Meningoencephalitis. Learn symptoms, causes, prevention, and treatment of this rare but deadly brain infection.