പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക് ഇൻഫോ തെരഞ്ഞെടുത്ത ഐ.പി.എൽ ഇലവനിൽ ടീമിന്റെ നായകനായി സഞ്ജു സാംസൺ. ഐ.പി.എൽ 17ാം സീസണിലെ പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ പ്രഖ്യാപിച്ച ടീമിലാണ് സഞ്ജു ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായി സ്ഥാനം പിടിച്ചത്. ക്വാളിഫയർ രണ്ടിൽ ഹൈദരാബാദിനോട് തോറ്റെങ്കിലും രാജസ്ഥാനായി സീസണിലുടനീളമുള്ള സഞ്ജുവിന്റെ ക്യാപ്റ്റൻസി പരിഗണിക്കുകയായിരുന്നു.കിരീടം നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകൻ ശ്രേയസ് അയ്യരേയും റണ്ണേഴ്‌സപ്പായ സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനേയും മറികടന്നാണ് സഞ്ജുവിന്റെ നേട്ടം. മൂന്നാം നമ്പറിലാണ് സഞ്ജുവിന്റെ സ്ഥാനം.
ഓപ്പണർമാരായി ആർ.സി.ബി താരം വിരാട് കോലിയും കൊൽക്കത്ത താരം സുനിൽ നരെയ്‌നും ഇറങ്ങും. മൂന്നാമത് സഞ്ജുവും നാലാമനായി റിയാൻ പരാഗും ഇറങ്ങും. നിക്കോളാസ് പുരാൻ അഞ്ചാമത് എത്തുമ്പോൾ കൊൽക്കത്തയുടെ ആന്ദ്രെ റസലാണ് ഫിനിഷറുടെ റോളിൽ ഇറങ്ങുന്നത്. കൊൽക്കത്തയുടെ യുവതാരം ഹർഷിത് റാണ, മുംബൈ ഇന്ത്യൻസിന്റെ ജസ്പ്രീത് ബുംറ, രാജസ്ഥാൻ റോയൽസിന്റെ സന്ദീപ് ശർമ എന്നിവരാണ് പേസർമാർ. സ്‌പെഷലിസ്റ്റ് സ്പിന്നറായി ഡൽഹിയുടെ കുൽദീപ് യാദവ് ടീമിലിടം നേടി.









