യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അടക്കം അയച്ചുകൊടുത്ത യുവാവ് പിടിയിൽ. കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയും പ്രതിയുമായി നേരത്തെ അടുപ്പം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഫോണിലൂടെയും സമൂഹമാധ്യമം വഴിയുമാണ് യുവതി യുവാവുമായി പരിചയപ്പെടുന്നത്. ഇതിനുശേഷം അടിമാലിയിലെ സ്വകാര്യ ലോഡ്ജിൽ എത്തി യുവതിയെ യുവാവ് പീഡിപ്പിക്കുകയായിരുന്നു.
അതിനുശേഷം യുവതിയുടെ നഗ്ന ദൃശ്യങ്ങൾ അടക്കം യുവാവ് മൊബൈൽ ഫോണിൽ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ യുവാവ് ബന്ധുക്കൾക്കും കൂട്ടുകാർക്കും അയച്ചു കൊടുത്തു. ഈ ദൃശ്യങ്ങൾ കാണിച്ച് യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ തുടർന്നാണ് യുവതി അടിമാലി പോലീസിൽ പരാതി നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ബിബിനെ കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്നും കൃത്യം ചെയ്യാൻ ഉപയോഗിച്ച മൊബൈൽ കണ്ടെടുത്തു. ഇത് സൈബർ സെല്ലിന് കൈമാറി കൂടുതൽ വിവരങ്ങൾ ശേഖരിക്കും. കേസിൽ മറ്റ് ആരും പ്രതികളായിട്ടില്ല എന്നാണ് പോലീസ് നൽകുന്ന വിവരം.