തൃശൂർ: പ്രായം നൂറിനൊടടുക്കുന്നു, എന്നാലും എന്നും രാവിലെ പണിക്കുപോകും. വെറും പണിക്കല്ല പോകുന്നത് വാർക്ക പണിക്കാണ്. കഴിഞ്ഞ 55 വർഷമായി കത്രീനച്ചേട്ടത്തിക്ക് ഇത് നിത്യ തൊഴിൽ അഭ്യാസമാണ്. അൻസാർ കോളജിലെ റോഡിന്റെ കോൺക്രീറ്റ് ജോലികളുടെ തിരക്കിലാണ് ഇപ്പോൾ കത്രീന. കോൺട്രാക്ടർ കുഞ്ഞിപ്പാലുവിന്റെ കരാർ ജോലിക്കായാണ് കത്രീന പത്തോളം തൊഴിലാളികൾക്കൊപ്പം എത്തിയത്. മക്കൾ ഒന്നടങ്കം അമ്മ ജോലിക്ക് പോകരുതെന്ന കർശന നിർദേശം നൽകിയിട്ടും അതെല്ലാം അവഗണിച്ചാണ് കത്രീന ഇന്നും പണിയെടുക്കുന്നത്. പുതുതലമുറക്ക് അത്ഭുതമാകുകയാണ് തൃശ്ശൂർ പൂങ്കുന്നം സ്വദേശിനി കത്രീന ചേട്ടത്തി. ഈ പൊരിവെയിലിലും കോൺക്രീറ്റ് പണികളുടെ തിരക്കിലാണ് ഈ മുത്തശ്ശി. പ്രായത്തിന്റേതായ യാതൊരു അവശതകളുമില്ലാതെ എല്ലാ ദിവസവും പണിക്ക് പോകുന്ന കത്രീനച്ചേടത്തി ഇപ്പോൾ സൈബർ ലോകത്തും വൈറലാണ്.
മുൻ മുഖ്യമന്ത്രി കരുണാകരൻ, സൂപ്പർ സ്റ്റാർ മമ്മൂട്ടി തുടങ്ങിയവരിൽനിന്നും ആദരവുകൾ ഏറ്റുവാങ്ങിയിട്ടുണ്ട് . ജോലിക്കിടയിൽ കനത്ത ചൂടും കനത്ത മഴയും കത്രീനയ്ക്ക് പ്രശ്‌നമല്ല. മരണംവരെ ജോലിക്ക് പോകണമെന്നാണ് കത്രീനയുടെ ആഗ്രഹം. സ്വയം അധ്വാനിച്ചുണ്ടാക്കുന്ന തുകകൊണ്ട് ജീവിക്കുന്നതിന്റെ സംതൃപ്തിയുണ്ട് ഇപ്പോഴും ഈ തൊണ്ണൂറ്റിയഞ്ചുകാരിക്ക്. മക്കളെ പോറ്റാനായാണ് ആദ്യം ജോലിക്ക് പോയിത്തുടങ്ങിയത്. 27 വർഷം മുമ്പ് ഭർത്താവ് ബേബി മരിച്ചു. അപ്പോഴും കത്രീനച്ചേട്ടത്തി തളർന്നില്ല. നാലുമക്കളാണ് ചേട്ടത്തിക്കുള്ളത്. മക്കളിൽ മൂത്തമകന് 60 വയസായി. നാലുമക്കളും 9 പേരക്കുട്ടികളും 14 കൊച്ചുമക്കളും അടങ്ങുന്ന വലിയ കുടുംബത്തിന്റെ ഉടമയാണ് കത്രീനച്ചേട്ടത്തി.