സിനിമാക്കഥപോലെ കറുത്ത കാറും തട്ടിക്കൊണ്ടുപോകലും…പ്രതികൾ പിടിയിൽ
കാസർകോട്: കാറിലെത്തിയ അഞ്ചംഗ സംഘം പകൽവെളിച്ചത്തിൽ ദേശീയപാതയോരത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ കർണാടകയിൽ വെച്ച് പിടികൂടി.
കാസർകോട് കറന്തക്കാട് ആര്യഭവൻ ഹോട്ടലിന് മുന്നിൽ നിൽക്കുകയായിരുന്ന മേൽപ്പറമ്പ് സ്വദേശി ഹനീഫയെയാണ് സംഘം ബലമായി കാറിൽ കയറ്റി കൊണ്ടുപോയത്.
ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. കറുത്ത സ്‌കോർപ്പിയോ കാറിലെത്തിയ സംഘം സർവീസ് റോഡിൽ നിർത്തിയ ശേഷം യുവാവിനെ തട്ടിക്കൊണ്ടുപോയി അതിവേഗം സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവം നടന്ന് ഒരു മണിക്കൂറിനകം കാസർകോട് ടൗൺ പോലീസിന് വിവരം ലഭിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വ്യക്തമായ സൂചനകൾ ലഭിക്കാതിരുന്നതോടെ അതിർത്തി സ്റ്റേഷനുകൾക്കും അയൽസംസ്ഥാനമായ കർണാടക പോലീസിനും വിവരം കൈമാറി.
തുടർന്ന് കറുത്ത സ്‌കോർപ്പിയോ കാർ കർണാടകയിലേക്ക് കടന്നതായി സ്ഥിരീകരിച്ചു.
ഏകദേശം 150 കിലോമീറ്ററോളം ദൂരം സഞ്ചരിച്ച സംഘം ഒടുവിൽ സകലേശ്പുരയ്ക്കടുത്ത് കർണാടക പോലീസിന്റെ സഹായത്തോടെ പിടിയിലായി.
രാത്രിയോടെ പ്രതികളെയും യുവാവിനെയും കാസർകോട് പോലീസിന് കൈമാറി. ടൗൺ എസ്‌ഐ സജിമോൻ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കാസർകോട്ടെത്തിച്ചത്.
ബേക്കൽ സ്വദേശിയായ ശരീഫ് എന്നയാളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സംശയിക്കുന്നതായും, ആന്ധ്രാപ്രദേശിൽ നിന്നുള്ളവരാണ് സംഘത്തിന് നേതൃത്വം നൽകിയതെന്നും പോലീസ് അറിയിച്ചു.
മൂന്ന് ദിവസത്തിലേറെയായി യുവാവിനെ സംഘം നിരീക്ഷിച്ചുവരികയായിരുന്നുവെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കാസർകോട് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.
സിനിമാക്കഥപോലെ കറുത്ത കാറും തട്ടിക്കൊണ്ടുപോകലും…
കറുത്ത കാറിലെത്തിയ സംഘം പകൽവെളിച്ചത്തിൽ ഒരാളെ തട്ടിക്കൊണ്ടുപോകുന്നു. കണ്ടുനിൽക്കുന്നവരെയെല്ലാം അദ്‌ഭുതപ്പെടുത്തിക്കൊണ്ട് മിന്നൽവേഗത്തിൽ ദൃക്‌സാക്ഷികളുടെ കണ്ണിൽനിന്ന് മറയുന്നു…
സിനിമാക്കഥകളിൽ മാത്രം കണ്ട് ശീലച്ച സീനുകളാണ് ബുധനാഴ്ച ഉച്ചയ്ക്ക് കാസർകോട് നഗരത്തിൽ നടന്നത്. ഏറേ തിരക്കേറിയ ദേശീയപാതയോരമാണ് ഈ നാടകീയ സംഭവങ്ങളെല്ലാം നടക്കുന്നത്.
ഈ സംഘം നൂറ്റമ്പത് കിലോമീറ്ററോളം എല്ലാവരുടെയും കണ്ണ് വെട്ടിച്ച് സഞ്ചരിക്കുകയും ഒടുവിൽ കർണാടക പോലീസിന്റെ പിടിയിലാവുന്നതുമെല്ലാം പിന്നീട് കണ്ടു.
ഉച്ചയ്ക്ക് ഒന്നോടെ കാസർകോട് ടൗൺ പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഭവസ്ഥലത്തേക്ക് കുതിച്ചെത്തുന്നു. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വലിയ സൂചനകളൊന്നും ലഭിച്ചില്ല.
ഇതോടെ അതിർത്തി സ്റ്റേഷനുകളിലേക്കും അയൽസംസ്ഥാനമായ കർണാടകയിലേക്കും വിവരം കൈമാറുന്നു. ഞൊടിയിടയിൽ അന്വേഷണം ചൂട് പിടിക്കുന്നു.
എല്ലാ സ്റ്റേഷനുകളും കറുത്ത സ്‌കോർപ്പിയോ കാറിനെ കണ്ടെത്താനായി ശ്രമം തുടങ്ങുന്നു. ഒടുവിൽ തലപ്പാടിയിലെ ചെക്‌പോസ്റ്റ് കാർ കടന്നിട്ടുണ്ടെന്നും കർണാടകയിലേക്ക് എത്തിയെന്നും വിവരം ലഭിക്കുന്നു.
പിന്നെ പോലീസ് സേന എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്നു. കൃത്യമായ മുന്നൊരുക്കത്തോടെ ഈ കാറിനെ പിന്തുടരുകയും നിരീക്ഷിക്കുകയും ചെയ്ത് കർണാടകയിലെ സകലേശ്പുരിൽവെച്ച് വലയിലാക്കുന്നു.
English Summary
In a dramatic daylight kidnapping reminiscent of a movie scene, a five-member gang abducted a youth from the roadside in Kasaragod. The victim was later rescued when the vehicle was intercepted near Sakleshpur in Karnataka with the help of Karnataka Police. Preliminary investigations suggest financial disputes as the motive. All accused were handed over to Kasaragod Police, and further investigation is underway.
kasaragod-daylight-kidnapping-gang-arrested-sakleshpur
Kasaragod, kidnapping case, daylight abduction, Kerala Police, Karnataka Police, crime news, financial dispute









