മുംബൈ: പാകിസ്ഥാൻ ഡിസൈനർക്കൊപ്പം ഫോട്ടോ എടുത്ത ബോളിവുഡിൽ നടി കരീന കപൂറിനെതിരെ വൻ സൈബർ ആക്രമണം. ദുബായിൽ വച്ച് പാകിസ്ഥാൻ ഡിസൈനറായ ഫറാസ് മനനൊപ്പം ഫോട്ടോ എടുത്തതിന് പിന്നാലെയാണ് കരീനയ്‌ക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയരുന്നത്.
കശ്മീരിലെ പഹൽഗാമിൽ നടന്ന മാരകമായ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയിൽ പാകിസ്ഥാൻ കലാകാരന്മാർക്ക് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയതിൻറെ വെളിച്ചത്തിലാണ് ഒരു വിഭാഗം കരീനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഏപ്രിൽ 22നാണ് കശ്മീരിലെ പഹൽഗാമിൽ ഭീകരവാദികൾ വിനോദ സഞ്ചാരികളെ വെടിവച്ചു കൊലപ്പെടുത്തിയത്. 26 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്കേറ്റു. ഇതിനിടയിലാണ് പാകിസ്ഥാൻ ഡിസൈനർക്കൊപ്പമുള്ള കരീനയുടെ ഫോട്ടോ പുറത്തു വന്നത്.
ഏപ്രിൽ 27 ന് ഫറാസ് മനൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് കരീന കപൂറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ടത്. ഏപ്രിൽ 27 ന് രാവിലെ മുംബൈയിൽ നിന്നും നടി യാത്ര പോയിരുന്നു.
പക്ഷേ അവർ ദുബായിൽ എത്തിയപ്പോൾ എടുത്ത ചിത്രമാണോ, അതോ ഫോട്ടോകൾ പുതിയതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നിരുന്നാലും, ദുബായിൽ ഒരു സ്റ്റോർ പാശ്ചത്തലത്തിൽ ഉള്ളതിനാൽ ഇത് ദുബായിൽ നിന്നും എടുത്ത ചിത്രമാണ് എന്ന് വ്യക്തമാണ്.
“വിത്ത് ദി ഒജി” എന്ന തലക്കെട്ടോടെയാണ് ഫറാസ് മനൻ കരീനയ്ക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഇട്ടത്. ഫറാസ് മനനിൻറെ ടീമും ചിത്രത്തിലുണ്ട്.
കരീന കപൂറിനെ കൂടാതെ നടിമാരായ താര സുതാരിയ, നീതു കപൂർ, സോനം കപൂർ, സാറ അലി ഖാൻ, ജാൻവി കപൂർ, കിയാര അദ്വാനി, അദിതി റാവു ഹൈദരി, മഹീപ് കപൂർ, കാർത്തിക് ആര്യൻ, പുൽകിത് സാമ്രാട്ട്, ആദർ ജെയിൻ എന്നിവരും ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്ന ഡിസൈനറാണ് ഫറാസ് മനൻ.
42 കാരനായ ഡിസൈനർ മുമ്പ് ദീപിക പദുക്കോൺ, രൺബീർ കപൂർ, ആലിയ ഭട്ട്, അനന്യ പാണ്ഡേ എന്നിവരുമായും സഹകരിച്ച് ഷോകൾ ചെയ്തിരുന്നു.
എന്നിരുന്നാലും, പാക് കലാകന്മാർക്കെതിരെ ഇന്ത്യയിൽ വിലക്ക് വരുന്നത് സമയത്താണ് കരീന കപൂറിനൊപ്പമുള്ള പാക് ഡിസൈനറുടെ ഫോട്ടോ വരുന്നത്. ഇതോടെ കരീനയ്ക്കെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് നടക്കുന്നത്.