ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരണത്തിനായി ചുവന്ന ലൈറ്റ്; ട്രെയിൻ നിർത്തിച്ച പ്ലസ് ടു വിദ്യാർത്ഥികൾ പിടിയിൽ
കണ്ണൂർ: ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരണത്തിനായി ചുവന്ന ലൈറ്റ് കാണിച്ച് ട്രെയിൻ നിർത്തിച്ച സംഭവത്തിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥികളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച പുലർച്ചെ 1.50 ഓടെയാണ് തലശേരിക്കും മാഹിക്കും ഇടയിലെ കുയ്യാലി ഗേറ്റിന് സമീപം അപകടകരമായ സംഭവം നടന്നത്.
ട്രാക്കിന് സമീപം നിന്ന വിദ്യാർത്ഥികൾ ചുവന്ന നിറത്തിലുള്ള ലൈറ്റ് തെളിച്ചതിനെ തുടർന്ന് അപകട സൂചനയെന്ന് കരുതി ലോക്കോ പൈലറ്റ് എറണാകുളം–പൂനെ എക്‌സ്പ്രസ് ട്രെയിൻ അടിയന്തരമായി നിർത്തുകയായിരുന്നു.
ഇതോടെ 19 മിനിറ്റ് ട്രെയിൻ യാത്ര തടസ്സപ്പെട്ടു.
സംശയം തോന്നിയ ലോക്കോ പൈലറ്റ് പുറത്തിറങ്ങി പരിശോധന നടത്തിയ ശേഷം ആർപിഎഫിനെയും റെയിൽവേ പൊലീസിനെയും വിവരം അറിയിച്ചു.
തുടർന്ന് പാണൂരിന് സമീപം പാറാട് സ്വദേശികളായ വിദ്യാർത്ഥികളെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യംചെയ്യലിലാണ് റീൽസ് ചിത്രീകരണത്തിനായാണ് ലൈറ്റ് ഉപയോഗിച്ചതെന്ന് വ്യക്തമായത്.
റെയിൽവേ ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, വിദ്യാർത്ഥികളുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.
സോഷ്യൽ മീഡിയ കണ്ടന്റിനായി അപകടകരമായ പ്രവൃത്തികൾ ചെയ്യുന്ന പ്രവണത വർധിച്ചുവരുന്നതായും, ഇത്തരം സംഭവങ്ങൾ യാത്രക്കാരുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതിനാൽ കർശന നടപടികൾ തുടരുമെന്നും റെയിൽവേ അധികൃതർ മുന്നറിയിപ്പ് നൽകി.
English Summary
Two Plus Two students were arrested by Railway Police in Kannur for stopping a train by flashing a red light to shoot Instagram reels. The Ernakulam–Pune Express was halted for 19 minutes after the loco pilot mistook the signal for an emergency warning. The students later admitted they were filming social media content. Authorities warned against dangerous stunts for online popularity.
kannur-students-arrested-for-stopping-train-for-instagram-reels
Kannur, Railway Police, Instagram Reels, Train Stopped, Red Signal, Social Media Stunt, Student Arrest, Kerala News









