കണ്ണൂര്‍: വീട്ടിൽ വെച്ച് വോട്ട് രേഖപ്പെടുത്തുന്നതിൽ ആള്‍മാറാട്ടം നടത്തിയെന്ന പരാതിയില്‍ നടപടി. എൽഡിഎഫ് പരാതിയെ തുടർന്ന് പോളിംഗ് ഓഫീസറെയും ബൂത്ത് ലെവല്‍ ഓഫീസറെയും ജില്ലാകളക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. നിയമസഭാ മണ്ഡലം അസി. റിട്ടേണിങ് ഓഫീസര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.
വിശദമായ അന്വേഷണത്തിന് അസി. കളക്ടര്‍ അനൂപ് ഗാര്‍ഗ്, ജില്ലാ ലോ ഓഫീസര്‍ എ രാജ്, അസി. റിട്ടേണിങ് ഓഫീസര്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍ ശ്രീലത എന്നിവരെ ചുമതലപ്പെടുത്തിയതായും കളക്ടര്‍ അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകാനാണ് നിർദേശം. ചെയ്ത വോട്ടിന്റെ സാധുത സംബന്ധിച്ചും തുടര്‍ നടപടികളെക്കുറിച്ചും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ തേടിയിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമം 1951-ലെ 134, ഇന്ത്യന്‍ ശിക്ഷാ നിയമം 171 എഫ് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്കാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്.
85 വയസ്സിന് മുകളിലുള്ള അവശരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ വോട്ട് ചെയ്യുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി വ്യാജവോട്ടുകള്‍ ചെയ്തുവെന്നായിരുന്നു പരാതി. 70-ാം ബൂത്തിലെ 1420-ാം നമ്പര്‍ പേരുകാരിയായ 86 വയസ്സുള്ള കമലാക്ഷിയുടെ വോട്ട് ഇതേ ബൂത്തിലെ 1148-ാം നമ്പര്‍ വോട്ടറായ വി കമലാക്ഷി എന്നയാള്‍ രേഖപ്പെടുത്തിയെന്നാണ് പരാതി.