ബെംഗളൂരു: വാഹനാപകടത്തില്‍ പരിക്കേറ്റ കന്നഡ നടന്‍ സൂരജ് കുമാറിന്റെ (ധ്രുവന്‍- 24) വലതുകാല്‍ മുറിച്ചു മാറ്റി. സൂരജിന്റെ ആദ്യ ചിത്രം റിലീസാകുന്നതിനു മുന്‍പാണ് ദാരുണ സംഭവം. ശനിയാഴ്ചയാണ് സൂരജ് കുമാറിന്റെ ഇരുചക്ര വാഹനം ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വലതുകാലിനു ഗുരുതരമായി പരുക്കറ്റതോടെ കാല്‍മുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടി വരുകയായിരുന്നു.
ചലച്ചിത്ര നിര്‍മാതാവ് എസ്.എ.ശ്രീനിവാസിന്റെ മകനായ സൂരജ് കുമാര്‍, ഐരാവത, തരക് തുടങ്ങിയ സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രഥം എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചുകൊണ്ടിരിക്കെയാണ് അപകടം. മലയാളി നടി പ്രിയ പ്രകാശ് വാരിയറാണ് ചിത്രത്തിലെ നായിക.
സിനിമാ മേഖലയില്‍ ധ്രുവന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സൂരജ് കുമാര്‍ ശനിയാഴ്ച ഊട്ടിയില്‍നിന്നു മൈസൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ട്രാക്ടറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ടിപ്പറില്‍ ഇടിക്കുകയായിരുന്നു. സൂരജിന്റെ കാലില്‍ കൂടി ടിപ്പറിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി. ഉടന്‍ മൈസൂരിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.