തൻ്റെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ടുളള ആരോപണങ്ങൾക്ക് പ്രതികരണവുമായി അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിൻ്റെ ഭർത്താവ് ഡൗഗ് എംഹോഫ്. തൻ്റെ ആദ്യ ഭാര്യയെ വഞ്ചിച്ചതായി സമ്മതിക്കുന്നു എന്നാണ് ഡൗഗ് എംഹോഫ് പ്രതികരിച്ചത്. എംഹോഫുമായുള്ള വിവാഹത്തിന് മുമ്പ് തന്നെ ഈ കാര്യങ്ങൾ അറിയാമായിരുന്നുവെന്ന് കമല ഹാരിസും പറഞ്ഞു. (Kamala Harris’s husband has responded to the allegations)
ഡൗഗ് എംഹോഫിന്റെയും ആദ്യ ഭാര്യയായ കെർസ്റ്റിൻ്റെയും കുട്ടികളുടെ സ്‌കൂളിലെ അധ്യാപികയുമായിരുന്ന നാനി എന്ന സ്ത്രീ ഗർഭിണിയായിരുന്നുവെന്ന നിലയിലുള്ള റിപ്പോർട്ടുകളും ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി എംഹോഫ് രംഗത്ത് വന്നത്. കെർസ്റ്റിനും വിഷയത്തോട് പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു.
നാനി എന്ന യുവതിയുമായി ഡൗഗ് എംഹോഫിന് ബന്ധമുണ്ടായിരുന്നു എന്ന തരത്തിൽ വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു. എൻ്റെ ആദ്യ വിവാഹ സമയത്ത്, എൻ്റെ ചില കാര്യങ്ങളാൽ ഞാനും ആദ്യ ഭാര്യയായ കെർസ്റ്റിനും ചില ബുദ്ധിമുട്ടുള്ള സമയങ്ങളിലൂടെ കടന്നുപോയി. അതിന് ഞാൻ മാത്രമാണ് ഉത്തരവാദിയെന്നുമാണ് ഡൗഗ് എംഹോഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
2009-ൽ ഇരുവും വിവാഹമോചനത്തിന് അപേക്ഷിച്ചതായി കോടതി രേഖകളുണ്ട്. ആദ്യ ബന്ധത്തിൻ്റെ പരാജയത്തെക്കുറിച്ച് പറഞ്ഞെങ്കിലും നാനിയുടെ പേര് പരാമർശിക്കാനോ അവരുടെ ഗർഭവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെ അഭിസംബോധന ചെയ്യാനോ എംഹോഫ് തയ്യാറായതുമില്ല.