കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്‌നിക് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച രണ്ടുപേർ പിടിയില്‍. ഇതര സംസ്ഥാനക്കാരായ അഹിന്ത മണ്ഡല്‍, സുഹൈല്‍ എന്നിവരെയാണ് പിടികൂടിയത്. ഹോസ്റ്റലിലേക്ക് നാല് പാക്കറ്റ് കഞ്ചാവ് എത്തിച്ചത് ഇവരാണെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രിയാണ് കോളേജ് ഹോസ്റ്റലില്‍ പരിശോധന നടന്നത്. കളമശ്ശേരി പോലീസിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. ഒരു മുറിയില്‍നിന്ന് മാത്രം 1.9 കിലോ കഞ്ചാവ് കണ്ടെത്തി. മറ്റൊരു മുറിയില്‍നിന്ന് ഒമ്പതുഗ്രാം കഞ്ചാവും പിടികൂടി.
കൊല്ലം സ്വദേശിയായ ആകാശിന്റെ മുറിയില്‍നിന്നാണ് 1.9 കിലോ കഞ്ചാവ് പിടികൂടിയത്. ആലപ്പുഴ സ്വദേശിയായ ആദിത്യന്‍, കൊല്ലം സ്വദേശിയായ അഭിരാജ് എന്നിവരുടെ മുറിയില്‍ നിന്ന് ഒൻപത് ഗ്രാം കഞ്ചാവും പിടികൂടുകയായിരുന്നു. തുടർന്ന് കോളേജ് ഹോസ്റ്റലില്‍ ഏഴ് തവണ കഞ്ചാവ് എത്തിച്ചെന്ന് അറസ്റ്റിലായ വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിരുന്നു.
യു.പി.ഐ. വഴി 16,000 രൂപയാണ് കഞ്ചാവിനായി ഇടനിലക്കാര്‍ക്ക് നൽകിയത്. ആറുമാസങ്ങള്‍ക്ക് മുമ്പാണ് ഇവരില്‍നിന്ന് കഞ്ചാവ് വാങ്ങാന്‍ തുടങ്ങിയതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. അറസ്റ്റിലായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി അനുരാജില്‍ നിന്നാണ് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. കോളേജിലെ പൂര്‍വ്വവിദ്യാര്‍ഥികളായിരുന്ന ആഷിഖ്, ഷാലിഫ് എന്നിവര്‍ക്കാണ് കഞ്ചാവ് വാങ്ങിയതിന്റെ പണം കൈമാറിയിരുന്നത്.