കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിലെ മെൻസ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പ്രതിയായ അഭിരാജിനെ പുറത്താക്കിയെന്ന് എസ്എഫ്‌ഐ. കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായ അഭിരാജിനെതിരെ നടപടിയെടുത്തതായി എസ്എഫ്‌ഐ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അറസ്റ്റിലായ മൂന്ന് പേര്‍ കെഎസ്‌യു നേതാക്കളാണെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.
കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട കെഎസ്‌യു നേതാക്കളുടെ ചിത്രങ്ങളും എസ്എഫ്ഐ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. കേസിൽ ജയിലില്‍ കിടക്കുന്ന മൂന്നു പേരും കെഎസ്‌യു നേതാക്കളാണ്. കഞ്ചാവ് വേട്ടയില്‍ മാധ്യമങ്ങള്‍ പക്ഷപാതപരമായി വാര്‍ത്തകള്‍ കൊടുത്തുവെന്നും എസ്എഫ്‌ഐയെ ബോധപൂര്‍വ്വം ആക്രമിക്കാനുള്ള ആയുധമായി സംഭവം ഉപയോഗിക്കുകയാണെന്നും സഞ്ജീവ് ആരോപിച്ചു.
അതേസമയം കേസിൽ ഉൾപ്പെട്ട മൂന്ന് വിദ്യാർത്ഥികളെ കോളേജ് സസ്‌പെൻഡ് ചെയ്തു. അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവർക്കെതിരെയാണ് നടപടി. സംഭവത്തിൽ പോളി ടെക്നിക്ക് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയാണ് മെൻസ് ഹോസ്റ്റലിൽ നിന്ന് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. രണ്ട് മുറികളില്‍ നിന്നായി കഞ്ചാവ് പിടികൂടുകയും മൂന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസില്‍ 2 എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.