കൊച്ചി: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സെന്ററിൽ സ്ഫോടനം നടത്തിയ കേസിൽ പ്രതി ഡൊമിനിക് മാര്‍ട്ടിന് മേല്‍ ചുമത്തിയ യുഎപിഎ കേസ് ഒഴിവാക്കി. അന്വേഷണ സംഘം പ്രതിക്കെതിരെ യുഎപിഎ വകുപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്ന് യുഎപിഎ ഒഴിവാക്കുകയായിരുന്നു.(Kalamassery blast case; UAPA charges against defendant Dominic Martin were waived)
നാടിനെ നടുക്കിയ കളമശ്ശേരി സ്ഫോടനം നടന്നിട്ട് നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. കഴിഞ്ഞ ഒക്ടോബർ 29ന് രാവിലെ 9.30നായിരുന്നു കളമശേരി സാമ്ര കൺവെൻഷൻ സെന്ററിൽ സ്‌ഫോടനം നടന്നത്. യഹോവ സാക്ഷികളുടെ കൺവെൻഷനിൽ പങ്കെടുത്ത ഒരു കുടുംബത്തിലെ മൂന്നുപേരുൾപ്പെടെ എട്ടുപേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. 52 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തമ്മനം ചിലവന്നൂർ വേലിക്കകത്ത് വീട്ടിൽ ഡൊമിനിക് മാർട്ടിൻ ആണ് കേസിലെ ഏക പ്രതി. യു എ പി എ, സ്ഫോടക വസ്തു നിരോധന നിയമം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്.
എന്നാല്‍ യുഎപിഎ കമ്മിറ്റി പ്രതിക്കെതിരെ യുഎപിഎ വകുപ്പ് ചുമത്താനുള്ള നീക്കം തള്ളുകയായിരുന്നു. യുഎപിഎ വകുപ്പിനെതിരെയുള്ള ഇടതുപാര്‍ട്ടികളുടെ നയവും തീരുമാനത്തിനു പിന്നിലുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.