തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് മകൻ രഘു ആരോപണം ഉന്നയിച്ചതിനു പിന്നാലെ ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണനായി വോട്ടഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി. വീഡിയോ സന്ദേശത്തിലൂടെയാണ് കലാമണ്ഡലം ഗോപിയുടെ വോട്ടഭ്യർത്ഥന. മന്ത്രിയായ കെ രാധാകൃഷ്ണനെ വിജയിപ്പിക്കണമെന്ന് കലാമണ്ഡലം ഗോപി വീഡിയോയില്‍ പറയുന്നു. താൻ കലാമണ്ഡലത്തിൽ അധ്യാപകനായിരിക്കുമ്പോൾ ചേലക്കരയിലെ ജനപ്രതിനിധി എന്ന നിലയിലും രാധാകൃഷ്ണൻ പരിചിതനെന്നും കെ രാധാകൃഷ്ണന്റെ പ്രവൃത്തിയെപ്പറ്റിയും സ്വഭാവത്തെപ്പറ്റിയും തനിക്ക് നല്ലതുപോലെ ബോധ്യമുണ്ടെന്നും ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് വോട്ടഭ്യർത്ഥിക്കുന്നതെന്നും കലാമണ്ഡലം ഗോപി പറയുന്നു.
കലാമണ്ഡലം ഗോപിയുടെ മകന്റെ പോസ്റ്റ് വിവാദമായതോടെ വിശദീകരണവുമായി സുരേഷ് ഗോപിയും രംഗത്തെത്തിയിരുന്നു. കലാമണ്ഡലം ഗോപിയെ വിളിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പോസ്റ്റില്‍ പറഞ്ഞ കാര്യവുമായി യാതൊരുവിധ ബന്ധവുമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.