ചെന്നൈ: ഇന്ത്യയുടെ മിസൈൽ മാൻ എന്നറിയപ്പെടുന്ന മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാമിന്റെ ജീവിതം സിനിമയാവുന്നു. ‘കലാം: ദി മിസൈൽ മാൻ ഓഫ് ഇന്ത്യ’ എന്ന പേരിൽ നിർമിക്കുന്ന ചിത്രത്തിൽ ധനുഷ് ആണ് കലാം ആയി അഭിനയിക്കുന്നത്.
ആദിപുരുഷ്, തൻഹാജി, ലോക്മാന്യ: ഏക് യുഗപുരുഷ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ ഓം റൗത്താണ് കലാമിന്റെ ജീവിതവും വെള്ളിത്തിരയിൽ എത്തിക്കുന്നത്. കാൻ ഫിലിം ഫെസ്റ്റിവലിൽ വെച്ചായിരുന്നു സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം.
സായ്വെൻ ക്യൂദ്രാസ് ആണ് തിരക്കഥ. അഭിഷേക് അഗർവാൾ, സുനിൽ ശുങ്കര, ഭൂഷൺ കുമാർ, കൃഷ്ണൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദി കശ്മീർ ഫയൽസിന്റെ നിർമാതാവു കൂടിയാണ് അഭിഷേക് അഗർവാൾ.
കലാമിന്റെ ജീവിതം അഭ്രപാളിയിൽ എത്തിക്കുന്നത് കലാപരമായ വെല്ലുവിളിയും ഒപ്പം ധാർമികമായ ഉത്തരവാദിത്വവുമായാണ് കാണുന്നതെന്ന് സംവിധായകൻ ഓം റൗത്ത് പറഞ്ഞു. ഒട്ടേറെപ്പേർക്ക് ജീവിതവെളിച്ചമേകിയ എളിമയും വിനയവും മുഖമുദ്രയാക്കിയ കലാമിനെ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നത് അനുഗ്രഹമായി കരുതുന്നു എന്നാണ് സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ധനുഷ് കുറിച്ചത്.
‘രാമേശ്വരത്തുനിന്ന് രാഷ്ട്രപതിഭവനിലേക്ക്. ഒരു ഇതിഹാസത്തിന്റെ യാത്ര ആരംഭിക്കുന്നു’ -എന്ന തലക്കെട്ടോടെയാണ് നിർമാതാക്കൾ സിനിമയുടെ പോസ്റ്റർ പങ്കുവെച്ചത്. ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ പുറത്തിറങ്ങും.
മകളെ ചേർത്തുപിടിച്ച് ആര്യയും സിബിനും; വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പുറത്ത്
അവതാരകയും നടിയുമായ ആര്യ ബഡായിയും ആർജെയും ബിഗ് ബോസ് താരവുമായ സിബിനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന വാർത്ത ദിവസങ്ങൾക്ക് മുൻപ് പുറത്തു വന്നിരുന്നു. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
എന്നാൽ നിശ്ചയത്തിന്റെ കൂടുതൽ ചിത്രങ്ങൾ ഇരുവരും പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ആര്യ ബഡായി.
‘ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ദിവസം. ഒരുപാട് ഒരുപാട് സന്തോഷം, ആനന്ദക്കണ്ണീർ, സ്നേഹം, ആത്മബന്ധം അങ്ങനെ എല്ലാംകൊണ്ടും നിറഞ്ഞ ഒരു ദിവസം. ഞങ്ങളും ഞങ്ങളുടെ മകളും ആകാംക്ഷയോടെ കാത്തിരുന്ന ദിനം.
ഞങ്ങളെ സ്നേഹിക്കുന്നവർ കാത്തിരുന്ന ദിവസം. ഈ ദിവസത്തെക്കുറിച്ചുള്ള വികാരങ്ങൾ പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകൾ മതിയാകില്ല. മരിക്കുവോളം ഇത് ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഓർമയായിരിക്കും’, എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
സിബിനും ആര്യയും പരസ്പരം മാലകൾ അണിയിക്കുന്നതും ആര്യയുടെ മകളുടെ ഒപ്പമുള്ള ചിത്രങ്ങളുമാണ് പുറത്തു വന്നിരിക്കുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമാണിത്.









