പറവൂർ: പൊക്കാളി കൃഷിയുടെ നെല്ലറയായിരുന്നു കടമക്കുടി. ഇവിടെ ഇത്തവണ വിളയുക ആന്ധ്രാപ്രദേശിലെ വിത്തുകൾ. Kadmakudi was the paddy field of Pokali cultivation
ജൈവ സമ്പൂർണമായ നാടൻ പൊക്കാളി കഴിഞ്ഞ വർഷത്തെ കാലാവസ്ഥാ വ്യതിയാനം മൂലം നശിച്ചതിനാലാണ് ആന്ധ്രയിലെ മറ്റലി പട്ടണത്തിൽ നിന്ന് പൊക്കാളി നെൽവിത്തുകൾ എത്തിച്ചത്.
സ്വാമിനാഥൻ ഫൗണ്ടേഷൻ വഴി നൂറ് കിലോഗ്രാം വിത്തുകളാണ് കൊണ്ടുവന്നത്. കഴിഞ്ഞ സീസണിൽ കർഷകരും കൃഷിഭവനും വിത്തുകൾ ശേഖരിച്ചിരുന്നില്ല. കൃഷിഭവനിൽ വൈറ്റില എട്ട്, വൈറ്റില പത്ത് എന്നീ ഇനം വിത്തുകളാണുള്ളത്. ഈ വിത്തുകൾക്ക് പൊക്കാളിയുടെ ഗുണമേന്മയില്ല.
2018ലെ പ്രളയത്തിലും കടമക്കുടിയിലെ പാടങ്ങളിൽ പൊക്കാളികൃഷി പിടിച്ചു നിന്നെങ്കിലും കഴിഞ്ഞ വർഷം വിതച്ച വിത്തുകൾ മഴയുടെ കുറവ് മൂലം നശിച്ചു.കടമക്കുടിയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പാണ് ആന്ധ്രാപ്രദേശിലേക്ക് പൊക്കാളി നെല്ലുകൾ കൊണ്ടുപോയത്.
നെൽപ്പാടത്ത് വളർത്തിയിരുന്ന തിലോപ്പിയ മത്സ്യങ്ങൾക്ക് നാശം സംഭവിച്ചപ്പോഴാണ് മത്സ്യസമ്പത്ത് സംരക്ഷിക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ വിത്തുകൾ കൊണ്ടുപോയത്.
കടമക്കുടിയിലെ വിത്തുകൾ ആന്ധ്രയിലെ കൃഷിഭൂമിയിൽ നൂറുമേനി വിളവിനൊപ്പം മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുകയും ചെയ്തു. ഇതോടെ ആന്ധ്രയിൽ പൊക്കാളി നെൽക്കൃഷി വ്യാപകമായി. കടമക്കുടിയുടെ പാരമ്പര്യം നിലനിർത്താൻ കൂടിയ വിലനൽകിയാണ് വിത്തുകൾ തിരിച്ചു കൊണ്ടുവന്നത്.
ജലവിഭവങ്ങൾ കൊണ്ട് വളരെ സമൃദ്ധമായ കേരളത്തിന്റെ മദ്ധ്യഭാഗത്തെ തീരപ്രദേശത്തുള്ള ഓരുജല മേഖലയിൽ സമൃദ്ധമാണ് പൊക്കാളി നെല്ല്. നെൽകൃഷിക്ക് ശേഷം ചെമ്മീനും സമ്പുഷ്ടമായി.