കോട്ടയം: ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. രണ്ട് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. ചാലക്കുടിയിൽ നിന്ന് കെ.എ ഉണ്ണികൃഷ്ണനും മവേലിക്കരയിൽ നിന്ന് ബൈജു കലാശാലയും ജനവിധി തേടും. കോട്ടയം, ഇടുക്കി മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ അടുത്ത ഘട്ടത്തിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് തീരുമാനപ്രകാരമാണ് സ്ഥാനാർത്ഥി പ്രഖ്യാപനം രണ്ട് ഘട്ടങ്ങളായി നടത്തുന്നത്. താൻ മത്സരിക്കുമെന്ന കാര്യം പിന്നീട് പറയും. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചിച്ചതിന് ശേഷം മറ്റു സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. താൻ മത്സരിക്കണമെന്ന് ബിജെപിയിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്. എൻഡിഎ സർക്കാർ 400-ലധികം സീറ്റുകൾ നേടി അധികാരത്തിലേറും. കേരളത്തിലും എൻഡിഎ അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.