മാസപ്പടിയിൽ യഥാർത്ഥ പ്രതി മുഖ്യമന്ത്രിയാണെന്നും 100 കോടിയോളം രൂപ കൈപ്പറ്റിയെന്നുമുള്ള മാത്യു കുഴൽനാടൻ എം.എൽ.എയുടെ വെളിപ്പെടുത്തൽ അതീവ ഗുരുതരമാണ്. മുഖ്യമന്ത്രിക്കെതിരെ തെളിവുകൾ നിരത്തി ആരോപണങ്ങൾ വരുന്നത് അപൂർവമാണ്. ഇതേക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ തയാറാകണം എന്ന് കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞു.ലാവലിൻ അഴിമതി തുകയായ 266 കോടി രൂപയുടെ ഏതാണ്ട് അടുത്തുവരുന്ന കേരളം കണ്ട ഏറ്റവും വലിയ രണ്ടാമത്തെ അഴിമതിയായി ഇതു മാറുകയാണ്. കേരളത്തിലെ ഏറ്റവും പ്രമാദമായ രണ്ട് അഴിമതികളിലും പിണറായി വിജയന്റെ പേര് ഉയർന്നുവന്നിരിക്കുന്നുവെന്നതിനും അതിലേറെ പ്രാധാന്യമുണ്ട്.
കേരളത്തിന്റെ കരിമണൽ വിറ്റ് പണമാക്കി കൈതോലപ്പായയിൽ കൊണ്ടു പോകുകയും 51 ഏക്കർ ഭൂമി കരിമണൽ കമ്പനിക്ക് ക്രമപ്പെടുത്തിക്കൊടുക്കാൻ വഴിവിട്ടു പ്രവർത്തിക്കുകയും ചെയത് മുഖ്യമന്ത്രിക്ക് ഭരണത്തിൽ തുടരാൻ ധാർമികമായ അവകാശമില്ല. മുഖ്യമന്ത്രി പദവിയിൽ ഇരുന്നു കൊണ്ടാണ് മുഖ്യമന്ത്രി അഴിമതി നടത്തിയത്. ഇതേക്കുറിച്ച് അന്വേഷിക്കാനോ ആത്മാഭിനമുണ്ടെങ്കിൽ രാജിവച്ചു പോകാനോ പിണറായി തയാറാകണം. പിണറായി വിജയനെതിരേ കോടിതിയുടെ നിരീക്ഷണത്തിൽ സിബിഐ അന്വേഷണമാണ് വേണ്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് നിയമനടപടികൾ സ്വീകരിക്കും.
എസ്.എഫ്.ഐ.ഒയുടെ അന്വേഷണത്തിൽ ഇത്രയും വലിയ അഴിമതിയുടെ അടിവേരുകൾ കണ്ടെത്താനാകില്ല. എട്ട് മാസത്തെ കാലവധി നൽകിയതിലൂടെ അന്വേഷണം അനന്തമായി നീട്ടാനാണ് പദ്ധതി. സിപിഎം -ബിജെപി അന്തർധാര സജീവമായി നില്ക്കുന്ന സാഹചര്യത്തിൽ നീതി കിട്ടണമെങ്കിൽ ശക്തമായ അന്വേഷണം തന്നെ ഉണ്ടാകണം. 2019ൽ ആദായനികുതി വകുപ്പിന്റെ റെയ്ഡിൽ മാസപ്പടിയെക്കുറിച്ചും 135 കോടിയുടെ കൈമാറ്റത്തെക്കുറിച്ചും വ്യക്തമായ തെളിവ് കിട്ടിയതാണ്. ഇതിൽ 95 കോടിയും പി.വിക്കു കൈമാറിയെന്നാണ് രേഖകൾ. ആ പി.വി പിണറായി വിജയനല്ലാതെ മറ്റാരുമല്ലെന്നത് വ്യക്തമാണ്. കുഴൽനാടന്റെ വെളിപ്പെടുത്തലിലൂടെ അത് വ്യക്തമായിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് അടുത്തതോടെ സയാമിസ് ഇരട്ടകളെപ്പോലെ സംസാരിക്കുന്ന രണ്ടു നേതാക്കളെ കണ്ട് കേരളം അത്ഭുതം കൂറുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പി പ്രസിഡന്റ് കെ സുരേന്ദ്രനുമാണവർ. എന്തൊരു ഐക്യമാണ് അവർ തമ്മിൽ? കോൺഗ്രസിന് വോട്ട് ചെയ്താൽ അതു ബിജെപിക്കു ചെയ്യുന്നതിനു തുല്യമാണെന്നാണ് പിണറായി വിജയൻ പറയുന്നത്. കേരളത്തിൽ എൽ.ഡി.എഫിനെ എതിർക്കാൻ ബി.ജെ.പി മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് സുരേന്ദ്രനും പറയുന്നു. കോൺഗ്രസിനെ നശിപ്പിക്കണമെന്നും തകർക്കണമെന്നുമാണ് ഇരുകൂട്ടരും ആഗ്രഹിക്കുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പു മുതൽ പ്രവർത്തിച്ചു വരുന്ന ഈ കൂട്ടുകെട്ട് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ കൂടുതൽ സുദൃഢമായിട്ടുണ്ട്. തൃശൂരിലാണ് ഈ കൂട്ടുകെട്ട് ഏറ്റവും കാര്യക്ഷമമായി ഇപ്പോൾ പ്രവർത്തിച്ചുവരുന്നത്. കോൺഗ്രസിനെ ക്ഷയിപ്പിക്കുക എന്ന ഏക ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സി.പി.എം ബി.ജെ.പിയുടെ അഞ്ചാംപത്തിയാണെന്നതിൽ സംശയമില്ല.
വയനാട് മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കർണാടക സർക്കാർ പ്രഖ്യാപിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെയും കെ.സി വേണുഗോപാലിന്റെയും ഇടപെടലിനെ തുടർന്നായിരുന്നു കർണാടക സർക്കാരിന്റെ നടപടി. എന്നാൽ കർണാടക ബി.ജെ.പി ഘടകം വിവാദമുണ്ടാക്കിയതിനാൽ കർണാടക സർക്കാർ നൽകാമെന്ന് ഏറ്റ തുക വേണ്ടെന്ന് അജീഷിന്റെ കുടുംബം അറിയിച്ചിട്ടുണ്ട്. മനുഷ്യത്വരഹിതമായ നിലപാടാണ് ബി.ജെ.പി സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിൽ അജീഷിന്റെ കുടുംബത്തെ കോൺഗ്രസ് ചേർത്ത് നിർത്തും. അജീഷിന്റെ കുടുംബത്തിന് കെ.പി.സി.സി ധനസഹായം നൽകും എന്നും സമരാഗ്നിയുടെ ഭാഗമായി കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.