ലോക്സഭയിലേക്ക് വിജയിച്ച സിപിഐഎം നേതാവ് കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവച്ചതോടെ ഒഴിവുവന്ന വകുപ്പുകൾ മുഖ്യമന്ത്രി ഏറ്റെടുത്തു. പട്ടികജാതി വികസനം, ദേവസ്വം തുടങ്ങിയ പ്രധാന വകുപ്പുകളാണ് മുഖ്യമന്ത്രി ഏറ്റെടുത്തത്. ഇത് സംബന്ധിച്ച സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. (K Radhakrishnan’s departments will now be managed by Pinarayi Vijayan)
അതേസമയം ഈ വകുപ്പുകൾ മുഖ്യമന്ത്രി സ്ഥിരം കൈകാര്യം ചെയ്യുമോ എന്ന കാര്യം വ്യക്തമല്ല. ലോക്സഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും കെ രാധാകൃഷ്ണൻ രാജിവെച്ചത്. ആലത്തൂരിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
കേരളത്തിൽ വിജയിച്ച സിപിഎമ്മിന്റെ ഏക സ്ഥാനാർഥിയാണ് കെ രാധാകൃഷ്ണൻ. കെ രാധാകൃഷ്ണൻന്റെ രാജി ഗവർണർ അംഗീകരിച്ചു. സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് പട്ടിക വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളുടെ പേരുകൾ മാറ്റാനുള്ള ഉത്തരവിൽ രാധാകൃഷ്ണൻ ഒപ്പിട്ടു.
കോളനി, സങ്കേതം, ഊര് എന്നീ പേരുകളാണ് ഒഴിവാക്കുന്നത്. പകരം കാലാനുസൃതമായി മറ്റ് പേരുകൾ നൽകും. നഗർ, ഉന്നതി, പ്രകൃതി എന്നീ പേരുകൾ പകരമായി ഉപയോഗിക്കാനാണ് നിർദേശം. സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ഉത്തരവ് പുറത്തിറക്കിയത്.