തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ റിട്ട. ജസ്‌റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെയും പ്രതിചേര്‍ത്ത പോലീസ് അസാധാരണ അറസ്‌റ്റ് നീക്കങ്ങളിലേക്ക് കടക്കുമോയെന്നത് ഉടനറിയാം.
എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്റെ പദ്ധതി നടത്തിപ്പ് ഏജന്‍സിയായ മലപ്പുറം, അങ്ങാടിപ്പുറത്തെ കെ.എസ്.എസ്. എന്ന സംഘടനയുടെ പരാതിയിലാണു മുന്‍ ജഡ്‌ജിയെ പ്രതിയാക്കി പെരിന്തല്‍മണ്ണ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പെരിന്തല്‍മണ്ണ പോലീസ് രണ്ടാംപ്രതിയാക്കിയ അനന്തു കൃഷ്‌ണന്‍ നേരത്തേ അറസ്‌റ്റിലായിരുന്നു.
ഒന്നാംപ്രതി കെ.എന്‍. ആനന്ദകുമാര്‍, മൂന്നാംപ്രതി റിട്ട. ജസ്‌റ്റിസ് രാമചന്ദ്രന്‍ നായര്‍ എന്നിവരെ അറസ്‌റ്റ് ചെയ്യാന്‍ സാഹചര്യമുണ്ടെങ്കിലും മതിയായ തെളിവുകൾ ലഭിച്ചാലെ അതുണ്ടാകൂവെന്നാണു സൂചന.
ഹൈക്കോടതിയില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് നല്‍കിയ മുന്‍കൂര്‍ജാമ്യാപേക്ഷയിലെ വിധിയും കണക്കിലെടുത്താകും പോലീസ് ഇത്തരമൊരു നീക്കം നടത്തുക.
എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ 2024 ഏപ്രില്‍-നവംബര്‍ വരെ 34 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു കെ.എസ്.എസിന്റെ പരാതി.
എന്നാല്‍, നിരുത്തരവാദപരമായാണു പോലീസ് തന്നെ പ്രതിചേര്‍ത്തതെന്നാരോപിച്ച് ജസ്‌റ്റിസ് രാമചന്ദ്രന്‍ നായര്‍ രംഗത്തെത്തിയിട്ടുണ്ട്.
കോണ്‍ഫെഡറേഷന്‍ രക്ഷാധികാരിയെന്ന നിലയിലാണു തന്നെ പ്രതിചേര്‍ത്തത്. താന്‍ കോണ്‍ഫെഡറേഷന്റെ ഉപദേശകന്‍ മാത്രമായിരുന്നു.
അത് പിന്നീടു രാജിവച്ചു. സ്‌ഥാപനത്തിന്റെ പ്രവര്‍ത്തനവുമായി തനിക്കു യാതൊരു ബന്ധവുമില്ല.
തന്നോട് വിവരം തിരക്കാതെയാണു പോലീസ് കേസെടുത്തതെന്നു മലപ്പുറം എസ്.പിയെ വിളിച്ച് പരാതിപ്പെട്ടതായി രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.