ഓസ്‌കറിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടി ജൂഡ് ആന്റണി ജോസഫിന്റെ 2018: എവരിവൺ ഹീറോ. മികച്ച ചിത്രത്തിനുള്ള ഓസ്‌കർ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്ത ആദ്യ ചുരുക്കപ്പട്ടികയിലാണ് മലയാള സിനിമയായ 2018 ഇടംപിടിച്ചത്. 265 ചിത്രങ്ങളാണ് ആദ്യ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഹിന്ദി ചിത്രം ട്വൽത്ത് ഫെയിലും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഓസ്‌കർ മത്സരത്തിനുള്ള പത്ത് ചിത്രങ്ങളുടെ പട്ടിക ജനുവരി 23 ന് അറിയാം.
ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്ന 2018 മികച്ച വിദേശ ഭാഷ ചിത്രത്തിന്റെ പട്ടികയിൽ നിന്ന് പുറത്തായിരുന്നു. ഓസ്‌കർ നോമിനേഷനുകൾ അടുത്തിരിക്കെ സംവിധായകൻ ജൂഡ് ആന്തണിയും നിർമാതാവ് വേണു കുന്നപ്പിള്ളിയും മലയാള സിനിമയ്ക്കു സ്വപ്നം കാണാൻ കഴിയാത്ത തരത്തിലുള്ള പ്രമോഷനാണ് ‘2018’ നു നൽകിയത്. തെക്കേ അമേരിക്കയിലെ 400ൽ പരം സ്‌ക്രീനുകളിൽ ചിത്രം റിലീസ് ചെയ്തു. അമേരിക്കയിൽ റിലീസ് ചെയ്തതുകൊണ്ടു തന്നെ സിനിമ ജനറൽ കാറ്റഗറിയിൽ മത്സരിക്കാനും യോഗ്യത നേടിയിരുന്നു.
ഇന്റര്‍നാഷനല്‍ ഫീച്ചര്‍ വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചിത്രം ഗുരു (1997) ആയിരുന്നു. ആദാമിന്റെ മകന്‍ അബു (2011), ജല്ലിക്കെട്ട് (2020) എന്നിവയാണ് ഇന്ത്യയുടെ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട മറ്റു മലയാള സിനിമകള്‍. ഇന്ത്യയിൽനിന്ന് ഇതുവരെയായി മൂന്ന് ചിത്രങ്ങൾക്ക് മാത്രമാണ് ഓസ്‌കർ നോമിനേഷനിൽ ഔദ്യോഗികമായി ഉൾപ്പെടാൻ സാധിച്ചത്. 1957 ലെ മദർ ഇന്ത്യ, 1988 ലെ സലാം ബോംബെ, 2001 ലെ ലഗാൻ എന്നിവയായിരുന്നു അത്.
Read Also: ടർബോ തിയേറ്ററിൽ ആഘോഷമാകും , ആട് 3ക്ക് സമ്മർദ്ദങ്ങൾ ഏറെയുണ്ട് : സംവിധായകൻ മിഥുൻ മാനുവൽ