ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു
പാലാ രാമപുരത്ത് സാമ്പത്തിക തർക്കത്തെ തുടർന്ന് സുഹൃത്ത് തീകൊളുത്തിയ ജ്വല്ലറി ഉടമ കണ്ണനാട്ട് കെ പി അശോകൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു. ഗുരുതരമായി പരിക്കേറ്റ അശോകൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ മരണമടഞ്ഞത്.
ഇന്നലെ രാവിലെ 10 മണിക്ക് ആണ് രാമപുരം കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെ, സാമ്പത്തിക തർക്കത്തെ തുടർന്ന് ബിസിനസ് പങ്കാളി ഇളംതുരുത്തിയിൽ തുളസീദാസ് എന്ന് വിളിക്കുന്ന ഹരി കടയിലെത്തി പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് തുളസീദാസ് രാമപുരം പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു.
സംഭവം ഇങ്ങനെ:
അശോകനും തുളസീദാസും തമ്മിൽ സാമ്പത്തിക തർക്കം നിലനിന്നിരുന്നു. ഇന്നലെ രാവിലെ വെള്ളിലാപ്പിള്ളിയിലെ പെട്രോൾ പമ്പിൽ നിന്ന് മൂന്ന് കുപ്പി പെട്രോൾ വാങ്ങി തുളസീദാസ് ജുവലറിയിലേക്ക് എത്തുകയായിരുന്നു.
അശോകന്റെ ഉടമസ്ഥതയിലുള്ള കടയിൽ തുളസീദാസ് സാനിട്ടറി വ്യാപാരം നടത്തിയിരുന്നു. തർക്കത്തെ തുടർന്ന് ഇവിടെ നിന്ന് കട പിഴകിലേക്ക് മാറ്റാൻ തീരുമാനിച്ചു. അവിടെ മുറിയുമെടുത്തു. എന്നാൽ പിന്നീട് അവിടെ കട നടത്തുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് കെട്ടിട ഉടമസ്ഥൻ അറിയിച്ചു.
ഇത് അശോകൻ ഇടപെട്ടിട്ടാണെന്ന് തുളസീദാസ് പറയുന്നു. 25 ലക്ഷം രൂപ അശോകൻ തരാനുണ്ടെന്ന് തുളസീദാസും തനിക്കാണ് പണം നൽകാനുള്ളതെന്ന് അശോകനും തർക്കിച്ചുകൊണ്ടിരുന്നു.
പിഴകിലെ കടയും തുറക്കാനാവാതെ വന്നതോടെ നിരാശനായി ജീവനൊടുക്കാൻ വെള്ളിയാഴ്ച വാഗമണ്ണിലേക്ക് പോയി. എന്നാൽ അശോകനെ കൊന്നതിന് ശേഷം മരിക്കാമെന്നു കരുതി രാമപുരത്തേക്ക് തിരികെ വരികയായിരുന്നു. തുടർന്നാണ് കൃത്യം നടത്തിയത്.
തർക്കം ഉണ്ടായതോടെ, കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ അശോകന്റെ തലയിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. ജീവനക്കാർ എത്തിയിട്ടില്ലാത്തതിനാലും കടയുടെ ഗ്ലാസ് ഡോർ അടച്ചിരുന്നതിനാലും സമീപത്തുള്ള കടക്കാർ പോലും വിവരമറിഞ്ഞില്ല.
തുടർന്ന് തുളസീദാസ് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പൊലീസ് എത്തിയപ്പോഴാണ് അടുത്തുള്ള കടക്കാർ വിവരമറിഞ്ഞത്.
അറസ്റ്റ് ചെയ്ത പ്രതിയെ പാലാ കോടതിയിൽ ഹാജരാക്കി. പാലാ ഡി വൈ.എസ്.പി. കെ. സദൻ, രാമപുരം സി.ഐ. കെ. ദീപക് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്.
Summary:
Kannanattu K.P. Ashokan, a jewelry shop owner from Ramapuram, Pala, who was set on fire by his friend over a financial dispute, has passed away at Kottayam Medical College Hospital. He succumbed to severe burn injuries while undergoing treatment this morning.