ആഫ്രിക്കയിലെ മാലിയിൽ ആകാശത്ത് രൂപപ്പെട്ട ജെല്ലിഫിഷിന്റെ ആകൃതിയിൽ ഒരു ഘടന ആണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്. 2018ൽ സുവോമി നാഷനൽ പോളർ ഓർബിറ്റിങ് പാർട്‌നർഷിപ് എന്ന ഉപഗ്രഹം എടുത്ത ചിത്രത്തിൽ ആകാശത്ത് ജെല്ലിഫിഷും അതിന്റെ
ടെന്റക്കിൾ പോലെ മേഘവും കാണാൻ സാധിക്കും.
മാലി എന്ന രാജ്യത്തിനു മുകളിലൂടെ ജെല്ലി ഫിഷ് പറന്നുപോകുന്നതാണു ചിത്രത്തിലുള്ളത്.
300 കിലോമീറ്റർ നീളമുള്ള ജെല്ലിഫിഷ് മേഘത്തിന്റെ ശിരോഭാഗം മാലിയിലെ മോപ്റ്റി എന്ന നഗരത്തിനു മുകളിൽ വരുന്നനിലയിലാണ് ഘടന. ജെല്ലിഫിഷിന്റെ ടെന്റക്കിളിനെ അനുസ്മരിപ്പിക്കുന്ന മറ്റു ഘടനകൾ ബുർക്കിന ഫാസോ വരെ നീളുന്നു.
ഔട്ട്ഫ്‌ളോ ബൗണ്ടറി എന്ന അന്തരീക്ഷ പ്രതിഭാസമാണ് ഇതിനു പിന്നിലെന്നാണ് ഗവേഷകർ പറയുന്നത്. ഇടിമിന്നലുണ്ടാക്കുന്ന മേഘങ്ങളുമായി ബന്ധപ്പെട്ട് കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് ഇത്. ഷോക്ക് വേവ് പോലെ വളരെ വേഗത്തിൽ വായു മേഘങ്ങളിൽ നിന്നു പുറത്തേക്കു പോകുന്നതാണ് ഇതിനു വഴിവയ്ക്കുന്നത്. ഗസ്റ്റ് ഫ്രന്റ് എന്നും ഈ പ്രതിഭാസം അറിയപ്പെടുന്നു. മേഘങ്ങളിൽ നിന്നുള്ള തണുത്ത വായു ഉപരിതലത്തിലേക്ക് വരുമ്പോഴാണ് ഇതു സാധാരണ സംഭവിക്കുന്നത്.