സമീപകാലത്ത് മലയാളത്തിൽ സജീവമല്ലാതിരുന്ന നടനാണ് ജയറാം . താരത്തിന്റെ വലിയൊരു തിരിച്ചുവരവാകുമോ ഓസ്‌ലർ എന്നതായിരുന്നു ആരാധകരുടെ ചോദ്യം . അതിനുള്ള ഉത്തരമായി ഇന്നലെ ചിത്രം റീലിസിനെത്തി. പ്രതീക്ഷ തെറ്റിയില്ല ചിത്രം ജയറാമിന്റെ തിരിച്ചു വരവ് തന്നെയെന്ന് പ്രേക്ഷകർ ആവർത്തിച്ചു പറയുന്നു . മിഥുൻ മാനുവൽ തോമസിന്റെ സംവിധാനവും മമ്മൂട്ടിയുടെ അതിഥി വേഷവുമെല്ലാം കൂടെ ആയപ്പോൾ തിയറ്ററുകളിൽ ഇപ്പോൾ നീണ്ട നിരയാണ്.
ആദ്യ ദിനമായ ഇന്നലെ കേരളത്തിൽ 150 ൽ അധികം എക്സ്ട്രാ ഷോകളാണ് പ്രദർശിപ്പിച്ചത്. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം റിലീസ് ചെയ്ത മോഹൻലാൽ ചിത്രം നേരിന്റെ ആദ്യദിന അഡീഷണൽ ഷോകളുടെ എണ്ണത്തെ ഓസ്‍ലർ മറികടന്നു. 130 ൽ അധികം എക്സ്ട്രാ ഷോകളായിരുന്നു റിലീസ് ദിനത്തിൽ നേരിനുണ്ടായിരുന്നത്.
ഹൗസ് ഫുള്ളായി പ്രദർശനം ആരംഭിച്ചിരിക്കുന്ന ചിത്രം 2024-ലെ ആദ്യ വലിയ റിലീസാണ്. 2020ലെ വിജയ ചിത്രം ‘അഞ്ചാം പാതിരാ’യ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന സിനിമ സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തെ പരിചയപെടുത്തിയുള്ള പോസ്റ്ററുകളും അണിയറപ്രവർത്തകർ റിലീസിന് പിന്നാലെ പുറത്തുവിട്ടിരുന്നു. വ്യക്തിജീവിതത്തിൽ ചില കടുത്ത അനുഭവങ്ങൾ നേരിടേണ്ടിവന്നിട്ടുള്ള പൊലീസ് ഓഫീസറാണ് ചിത്രത്തിലെ ജയറാമിൻറെ കഥാപാത്രം. വിഷാദരോഗിയാണ് അദ്ദേഹം. ഇയാൾക്ക് മുന്നിലേക്ക് ഒരു ശ്രദ്ധേയ കേസ് എത്തുന്നിടത്താണ് അബ്രഹാം ഓസ്‍ലർ കഥ പറഞ്ഞുതുടങ്ങുന്നത്. മമ്മൂട്ടിയുടെ അതിഥിവേഷത്തിനും തിയറ്ററുകളിൽ വലിയ കൈയടിയാണ് ലഭിക്കുന്നത്. ഏറെക്കാലത്തിന് ശേഷമാണ് ജയറാമും മമ്മൂട്ടിയും ഒരു ചിത്രത്തിൽ ഒന്നിച്ചെത്തുന്നത്.
അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശനാ നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ, ആര്യ സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഡോ രൺധീർ കൃഷ്ണൻ ആണ് ഓസ്‍ലറിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
Read Also :അച്ഛന്റെ ജാതി പരാമർശത്തിൽ മകളും പെട്ടു : കൃഷ്ണ കുമാറിന്റെ മകൾ ദിയ പറയുന്നു