മുല്ലപ്പെരിയാർ ഡാമിൻ്റെ മേൽനോട്ടത്തിനായി ജലജീവൻ എന്ന് പേരിട്ട നിരീക്ഷണ ബോട്ട് നീറ്റിലിറക്കി.
ഡാമിൻ്റെ താഴ്‌വാരങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഡാമിലെ ജലനിരപ്പ്, മഴയുടെ അളവ്, നീരൊഴുക്ക്, ഷട്ടറുകൾ തുറക്കുന്ന സാഹചര്യം, തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിൻ്റെ അളവ് എന്നിവയുടെ കൃത്യമായ നിരീക്ഷണത്തിനായാണ് ജലവിഭവ വകുപ്പിന് പുതിയ ബോട്ട് അനുവദിച്ചിരിക്കുന്നത്.
10 പേർക്ക് യാത്ര ചെയ്യാവുന്ന 25 എച്ച് പി എഞ്ചിൻ പവറുള്ള ബോട്ടാണ് ജലജീവൻ. 15 വർഷമായി വനം വകുപ്പിൻ്റെയും ടൂറിസം വകുപ്പിൻ്റെയും ബോട്ടുകൾ മുഖേനയാണ് മുല്ലപ്പെരിയാർ ഡാമിൽ നിരീക്ഷണം നടത്തിയിരുന്നത്. പുതിയ ബോട്ട് എത്തുന്നതോടെ നിരീക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ജലവിഭവ വകുപ്പിന് സാധ്യമാകും.