കാലങ്ങളായി വെള്ളിത്തിരയിൽ ഇല്ലാതിരുന്നിട്ടും കേരളീയര്‍ ഇന്നും കൈവെള്ളയില്‍ വച്ച് ആരാധിക്കുന്ന ഒരു ഹാസ്യ സമ്രാട്ട് ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. അതെ, പകരക്കാരനില്ലാത്ത ഒരേയൊരു ജഗതി ശ്രീകുമാറിന്റെ 73-ാം പിറന്നാൾ ദിനമാണിന്ന്. മലയാളിയുടെ ദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും ജഗതിയുടെ ഓർമ്മയിലാണ് എന്ന് പറയുന്നത് അക്ഷരാർത്ഥത്തിൽ ശരിയാണ്. അദ്ദേഹം അവതരിപ്പിച്ച ഏതെങ്കിലുമൊരു കഥാപാത്രങ്ങൾ മലയാളിയുടെ മനസ്സിലൂടെ കടന്നുപോകാത്ത ഒറ്റ ദിവസം പോലും ഇല്ല എന്നതാണ് സത്യം. എക്കാലത്തും മലയാള സിനിമയുടെ മാറ്റിവയ്ക്കാനാവാത്ത ഘടകമാണ് ജഗതി ശ്രീകുമാർ. വലിപ്പച്ചെറുപ്പം ഇല്ലാതെ മലയാളി പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച മറ്റൊരു നടൻ ഇല്ല എന്ന് തന്നെ പറയാം. പ്രേക്ഷകരുടെ ഹൃദയത്തിൽ തറച്ച, അവർ എന്നും ഓർത്തിരിക്കുന്ന നൊമ്പരപ്പെടുത്തിയ, കരയിച്ച എത്രയോ കഥാപാത്രങ്ങൾ ജഗതി എന്ന അതുല്യ കലാകാരൻ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.
മലയാളികള്‍ യേശുദാസിന്റെ പാട്ട് കേള്‍ക്കാത്ത ഒരു ദിവസം പോലും ഉണ്ടാകില്ലെന്ന പ്രയോഗം പോലെ തന്നെ ടിവിയില്‍ ജഗതി ശ്രീകുമാറിനെ കാണാത്ത ദിവസവും ഉണ്ടാകില്ലെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെയാണ് വേദിയിലില്ലാതിരുന്ന വര്‍ഷങ്ങളിലും മലയാളിയുടെ കൂടെപ്പിറപ്പായി മലയാള സിനിമയോടൊപ്പം ജഗതി വളര്‍ന്നുകൊണ്ടേയിരിക്കുന്നത്. 2012 മാര്‍ച്ച് പത്തിന് പുലര്‍ച്ചെ തേഞ്ഞിപ്പലത്തിനടുത്തുവെച്ചുണ്ടായ അപകടം ജഗതിയുടെ ജീവിതം മാറ്റിമറിക്കുകയായിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘ഇടവപ്പാതി’ എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകുംവഴി അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ ദേശീയപാത പാണമ്പ്ര വളവിലെ ഡിവൈഡറില്‍ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങളുടെ ചികിത്സയ്ക്കു ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. അന്നുതൊട്ടിന്നോളം അതുല്യ നടന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള മടങ്ങിവരവിനുവേണ്ടിയുള്ള കാത്തിപ്പിലായിരുന്നു സിനിമാപ്രേമികള്‍. ആ കാത്തിരിപ്പ് അവസാനിച്ചത് കെ മധു സംവിധാനം ചെയ്ത സിബിഐ ഫൈവ് എന്ന ചിത്രത്തിലൂടെയാണ്.
മലയാള നാടകകൃത്തും എഴുത്തുകാരനുമായ ജഗതി എൻ കെ ആചാരിയുടെ മാവേലിക്കരയിലെ പ്രശസ്തമായ എടവൻകാട് കുടുംബത്തിലെ ഭാര്യ പ്രസന്നയുടെയും മൂത്ത മകനാണ് ശ്രീകുമാർ . തിരുവനന്തപുരം ആകാശവാണിയിലെ സ്റ്റേഷൻ ഡയറക്ടറായിരുന്നു എൻ കെ ആചാരി. തിരുവനന്തപുരത്തെ മോഡൽ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ജഗതിക്ക് ആദ്യമായി സ്‌കൂൾ നാടകത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. ശ്രീമന്ദിരം കെ.പിയുടെ “ഓണമുണ്ടും ഓടക്കുഴലും” എന്ന നാടകമാണ് അദ്ദേഹം അഭിനയിച്ചത്. കലാനിലയത്തിന് വേണ്ടി അച്ഛൻ എൻ.കെ.ആചാരി എഴുതിയ നാടകങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ തുടർന്നു. അപ്പോഴേക്കും തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ചേർന്നു. 1974-ൽ കന്യാകുമാരിയിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് ജഗതി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത് . ചട്ടമ്പി കല്യാണി (1975) എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ അദ്ദേഹം തന്റെ കരിയറിൽ ഒരു വഴിത്തിരിവ് നേടി, അവിടെ അദ്ദേഹം പപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അതിനുശേഷം അദ്ദേഹം നിരവധി സിനിമകളിൽ ഹാസ്യ വേഷങ്ങൾ ചെയ്തു. 1980 കളുടെ തുടക്കത്തിലാണ് ജഗതി മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറാൻ തുടങ്ങിയത്. പ്രിയദർശൻ ചിത്രങ്ങളിൽ മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയതോടെ അദ്ദേഹം സ്ഥിരം സാന്നിധ്യമായിരുന്നു .
ചട്ടമ്പിക്കല്യാണി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജഗതി പിന്നീട് മലയാളിയുടെ ആസ്വാദനത്തിന്റെ ഭാഗമായി മാറി. ചിത്രം, മിന്നാരം, മീശ മാധവന്‍, യോദ്ധ, കിലുക്കം, മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ്, അവിട്ടം തിരുനാള്‍ത്ത് അരോഗ്യ ശ്രീമാന്‍, കിലുകില്‍ പമ്പരം, ഒരു സിബിഐ ഡയറി കുറിപ്പ്, പട്ടാഭിഷേകം, മൂന്നാംപക്കം അങ്ങനെ നാലു പതിറ്റാണ്ടിലേറെ നീണ്ട അഭിനയ സപര്യയില്‍ ജഗതി ശ്രീകുമാര്‍ പകര്‍ന്നാടിയ വേഷങ്ങള്‍ ഏറെയാണ്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ നിരവധി ഹാസ്യ നടന്മാര്‍ എത്തിയെങ്കിലും ജഗതി ശ്രീകുമാറിന്റെ കസേര മലയാള സിനിമയില്‍ ഒഴിഞ്ഞുകിടക്കുകയാണ്. പടം പൊട്ടിയാലും പൊട്ടിയില്ലെങ്കിലും ജഗതിയുടെ കഥാപാത്രം തകർക്കും എന്നത് തന്നെയാണ് ജഗതി ശ്രീകുമാര്‍ എന്ന അതുല്യ പ്രതിഭയെ വ്യത്യസ്തനാക്കുന്നത്. എന്നെന്നും മലയാളിയുടെ ഓർമ്മയിൽ താരമായി തിളങ്ങി നിൽക്കുന്ന ഹാസ്യ സാമ്രാട്ടിന് പിറന്നാൾ ആശംസകൾ.