മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സുത്രധാരനായ ലഷ്‌കർ ഭീകരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നത് വൈകുമെന്ന് റിപ്പോർട്ട്. റാണ നടത്തുന്ന നിയപരമായ ഇടപെടലുകളാണ് കൈമാറ്റം വൈകിപ്പിക്കാൻ കാരണം. അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് തഹാവൂർ റാണയെ കൈമാറാൻ തയാറാണെന്ന് പ്രഖ്യാപിച്ചത്.
ഇതിനെതിരെ തഹാവൂർ റാണ അമേരിക്കൻ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ കൈമാറ്റം ചെയ്യാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹർജി കോടതി തളളുകയായിരുന്നു. ഇതോടെ മാനുഷികമായ പരിഗണന ആവശ്യപ്പെട്ട് അന്തിമ അപ്പീൽ സമർപ്പിച്ചിരിക്കുകയാണ് ഇയാൾ. ഇതിൽ തീരുമാനം ഉണ്ടാകുന്നതു വരെ കൈമാറ്റം നീണ്ടുപോകും.
പാകിസ്ഥാൻ വംശജനായ കനേഡിയൻ പൗരനാണ് തഹാവൂർ റാണ. ഇന്ത്യയെ ഞെട്ടിച്ച് മുംബൈ തീവ്രവാദ ആക്രമണം ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയ്ക്കുവേണ്ടി ആസൂത്രണം ചെയ്തത് ഇയാളായിരുന്നു. 2008ൽ നടന്ന ആക്രമണത്തിൽ 166പേരാണ് കൊല്ലപ്പെട്ടത്.
റാണയെ ഇന്ത്യയിലെത്തിച്ച് വിചാരണ നടത്തി ശിക്ഷിക്കേണ്ടത് ഇന്ത്യയുടെ അഭിമാന പ്രശ്‌നമാണ്. ആക്രമണം നടത്തിയ അന്ന് പിടിയിലായ അജ്മൽ കസബിനെ മാത്രമാണ് കേസിൽ ജീവനോടെ പിടിക്കാനും ശിക്ഷിക്കാനും ഇന്ത്യക്ക് കഴിഞ്ഞത്.
എന്നാൽ ഇപ്പോൾ നടക്കുന്ന നിയമപ്രശ്‌നങ്ങൾ പരിഹരിച്ചാൽ ഉടൻ തന്നെ റാണയെ കൈമാറും എന്നാണ് വിവരം.