തിരുവനന്തപുരം: വൈദ്യുതിനിരക്ക് വർധന നിലവിൽ വന്നതോടെ എല്ലാവർക്കും ഉണ്ടാകുന്ന ഒരു ചോദ്യമാണ് ബില്ലിൽ എത്ര രൂപയുടെ വ്യത്യാസം ഉണ്ടാകുമെന്ന്. വീടുകളിലെ വൈദ്യുതിബില്ലിൽ രണ്ടുമാസത്തിലൊരിക്കൽ ഏകദേശം 14 രൂപ മുതൽ 300 വരെ വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ. കാലാകാലങ്ങളിൽ ഏർപ്പെടുത്തുന്ന സർച്ചാർജും 10 ശതമാനം വൈദ്യുതി ഡ്യൂട്ടിയും കണക്കാക്കുമ്പോൾ തുക ഇതിലുംകൂടും.
ഗാർഹിക ഉപഭോക്താക്കൾക്ക് വിവിധ സ്ലാബുകളിലെ വർധന 15 പൈസ മുതൽ 25 പൈസവരെയാണ്. വീടുകളിൽ വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും നൽകേണ്ട ഫിക്സഡ് ചാർജ് രണ്ടുവർഷത്തേക്കും അഞ്ചുമുതൽ 30 രൂപവരെയാണ് കൂട്ടിയത്. ഇത് ചെറുകിട വാണിജ്യ സ്ഥാപനങ്ങൾക്ക് കൂടില്ലെങ്കിലും പെട്ടിക്കടകൾക്ക് അഞ്ചുപൈസ കൂടും.
ഇത്തവണ യൂണിറ്റിന് 16 പൈസ കൂട്ടിയത് വലിയ വിമർശനങ്ങൾക്ക് ഇടയായിരുന്നു. അടുത്ത വർഷം 12 പൈസ കൂടെ വർധിപ്പിക്കാനും ഇപ്പോൾതന്നെ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടതിന്റെ പകുതിയിൽത്താഴെയാണ് റഗുലേറ്ററി കമ്മിഷൻ കൂട്ടാൻ ഉത്തരവിട്ടത്. രണ്ടുവർഷത്തിനിടെ ഇത് മൂന്നാംതവണയാണ് നിരക്കുവർധനയുണ്ടാവുന്നത്.
ജനുവരിമുതൽ മേയ്വരെ അഞ്ചുമാസത്തേക്ക് വേനൽക്കാല നിരക്കായി 10 പൈസ കെ.എസ്.ഇ.ബി. അധികം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. ചെറുകിട വ്യവസായങ്ങൾക്ക് അഞ്ചുപൈസ വീതം രണ്ടുവർഷവും കൂടും. വൻകിട വ്യവസായങ്ങൾക്ക് ഈ വർഷം 10 പൈസയും അടുത്തവർഷം അഞ്ചുപൈസയും കൂടും.
ഈവർഷത്തെ നിരക്കുകൾക്ക് 2025 മാർച്ച് 31 വരെയാണ് ബാധകം. അടുത്തവർഷത്തെ പുതിയ നിരക്കുകൾ 2027 മാർച്ച് 31 വരെ തുടരും. ഇതോടൊപ്പം കാലാകാലമുള്ള സർച്ചാർജും നൽകേണ്ടിവരും. ഡിസംബറിൽ ഇത് യൂണിറ്റിന് 15 പൈസയാണ്. മീറ്റർ വാടക കൂട്ടില്ല. ഒരു മാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന ബി.പി.എൽ. വിഭാഗങ്ങളിലെ വീടുകളിൽ നിരക്ക് കൂടില്ല. കാര്യക്ഷമത കൂട്ടിയും ചെലവുചുരുക്കിയും കുറഞ്ഞനിരക്കിൽ വൈദ്യുതിവാങ്ങിയും നഷ്ടം പരമാവധി കുറയ്ക്കാൻ ബോർഡിനോട് കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.