ന്യൂയോര്‍ക്ക്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ടെസ്‌ല സിഇഒയും ട്വിറ്റര്‍ ഉടമയുമായ ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തി. താന്‍ പ്രധാനമന്ത്രി മോദിയുടെ വലിയൊരു ആരാധകനാണെന്ന്, കൂടിക്കാഴ്ചയ്ക്കു ശേഷം മസ്‌ക് പ്രതികരിച്ചു. ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കാനുള്ള താല്‍പര്യവും അതുമായി ബന്ധപ്പെട്ട പദ്ധതികളും മസ്‌ക്, മോദിയുമായി പങ്കുവച്ചതായാണ് വിവരം.
”പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ച വളരെ നന്നായിരുന്നു. അദ്ദേഹത്തെ എനിക്ക് വലിയ ഇഷ്ടമാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം ഞങ്ങളുടെ ഫാക്ടറി സന്ദര്‍ശിച്ചിരുന്നു. അതുകൊണ്ടു തന്നെ കുറച്ചു നാളായി ഞങ്ങള്‍ തമ്മില്‍ നല്ല പരിചയമുണ്ട്. ഇന്ത്യയുടെ ഭാവിയെക്കുറിച്ച് എനിക്ക് വലിയ ആകാംക്ഷയാണ്. ലോകത്ത് മറ്റേതൊരു രാജ്യവുമായും തട്ടിച്ചുനോക്കിയാല്‍, ഇന്ത്യയ്ക്ക് മികച്ച ഭാവിയുണ്ടെന്ന് വ്യക്തമാണ്” – കൂടിക്കാഴ്ചയ്ക്കു ശേഷം മസ്‌ക് പറഞ്ഞു.
മനുഷ്യന് സാധ്യമാകുന്നത്ര വേഗത്തില്‍ ടെസ്ല ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും, ഒരു ചോദ്യത്തിന് ഉത്തരമായി മസ്‌ക് വ്യക്തമാക്കി. ”പ്രധാനമന്ത്രി മോദിക്ക് ഇന്ത്യയെക്കുറിച്ച് വലിയ കരുതലുണ്ട്. കാരണം, ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ അദ്ദേഹം ഞങ്ങളെ കാര്യമായിത്തന്നെ നിര്‍ബന്ധിക്കുന്നു. ഞങ്ങള്‍ക്കും അക്കാര്യത്തില്‍ സമാന നിലപാടാണ്. ഇന്ത്യയിലേക്കുള്ള വരവ് എന്നു വേണമെന്നു മാത്രം ഇനി തീരുമാനിച്ചാല്‍ മതി” – മസ്‌ക് പറഞ്ഞു.
”ഇന്ത്യയ്ക്കു വേണ്ടി ഏറ്റവും ഉചിതമായ കാര്യങ്ങള്‍ ചെയ്യണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ട്. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന കമ്പനികളോട് വലിയ തുറവിയുള്ള, അവരെ പിന്തുണയ്ക്കുന്നയാളാണ് മോദി. ഇതെല്ലാം ഇന്ത്യയ്ക്ക് ഗുണകരമാകുന്നുവെന്ന് ഉറപ്പാക്കുന്നുമുണ്ട്” – മസ്‌ക് പറഞ്ഞു.
നേരത്തെ, വാഷിങ്ടനിലെ ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് ബേസില്‍ രാത്രി പത്തരയോടെ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ സമൂഹം വന്‍ സ്വീകരണം നല്‍കി. 24 വരെയാണു മോദിയുടെ യുഎസ് സന്ദര്‍ശനം. ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് രാജ്യാന്തര യോഗാദിനാചരണത്തിനു മോദി നേതൃത്വം നല്‍കും. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും വൈകിട്ട് സ്വകാര്യ വിരുന്ന് നല്‍കി മോദിയുമായി സൗഹൃദം പങ്കിടും. നാളെ വൈറ്റ്ഹൗസില്‍ വന്‍ വരവേല്‍പ്പുണ്ട്. ഓവല്‍ ഓഫിസില്‍ പ്രസിഡന്റ് ബൈഡനുമായി കൂടിക്കാഴ്ച. കോണ്‍ഗ്രസ് സംയുക്ത സമ്മേളനത്തിലും മോദി പ്രസംഗിക്കും.