സെബാസ്റ്റ്യന്‍റെ വീട്ടില്‍ കണ്ടെത്തിയ രക്തക്കറ ജെയ്‌നമ്മയുടെത് തന്നെ
ചേർത്തല: ആലപ്പുഴ ചേർത്തലയിലെ ജെയ്‌നമ്മ തിരോധാന കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്. കേസിലെ പ്രതി സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ അതിരമ്പുഴ സ്വദേശിനി ജെയ്‌നമ്മയുടേതാണെന്ന് സ്ഥിരീകരിച്ചു.
ഫൊറൻസിക് പരിശോധനയിൽ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൂടാതെ സെബാസ്റ്റ്യൻ പണയം വച്ചതും വിറ്റതുമായ സ്വർണാഭരണങ്ങളും ജെയ്‌നമ്മയുടേത് തന്നെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
സെബാസ്റ്റ്യന്റെ വീടിന് സമീപത്തു നിന്നാണ് ജെയ്‌നമ്മയുടെ ഫോൺ സിഗ്നലുകൾ ഏറ്റവും ഒടുവിൽ ലഭിച്ചത്. ഇതും സെബാസ്റ്റ്യനാണു പ്രതിയെന്ന സംശയം വർധിപ്പിച്ചു.
കൂടാതെ ഈ ഫോൺ സെബാസ്റ്റ്യൻ ഉപയോഗിച്ചതിന്റെയും സിം റീചാർജ് ചെയ്തതിന്റേയും സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. എന്നാൽ ജൈനമ്മയുടെ ഫോൺ കണ്ടെത്താനായിട്ടില്ല.
അതേസമയം പ്രതി സെബാസ്റ്റ്യൻ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. എന്നാൽ കേസുമായി ബന്ധപ്പെട്ട നിരവധി തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞിരുന്നു.
ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ച് കേസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് പൊലീസ് അറിയിച്ചിരുന്നു. 2024 ഡിസംബർ 20നാണ് ജെയ്‌നമ്മയെ കാണാതാവുന്നത്. ഇവർ തന്റെ സുഹൃത്തായിരുന്നുവെന്നും പ്രാർത്ഥനായോഗങ്ങളിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നും സെബാസ്റ്റ്യൻ മൊഴി നൽകിയിരുന്നു.