പുതുവത്സര ദിനത്തിൽ രാജ്യത്തിന്റെ അഭിമാനമുയർത്തി പിഎസ്എല്‍വി സി 58. എക്സ്പോസാറ്റ് ഉപഗ്രഹവുമായി പിഎസ്എല്‍വി സി 58 (PSLV C 58) രാവിലെ 9:10ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് റോക്കറ്റ് കുതിച്ചുയര്‍ന്നു. ബഹിരാകാശ എക്സ്റേ സ്രോതസ്സുകൾ പഠിക്കുകയാണ് എക്‌സ്പോസാറ്റ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. പുതുവത്സര ദിനത്തിൽ അറുപതാമത്തെ ഉപഗ്രഹമാണ് ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നത്. ഐ.എസ്.ആർ.ഒ.യും ബെംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് രൂപകൽപന. ബഹിരാകാശത്തെ നാൽപതോളം എക്സ്റേ സ്രോതസ്സുകളെക്കുറിച്ച് വിവരം കൈമാറും. അഞ്ചുവർഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. അമേരിക്കയ്ക്ക് ശേഷം ലോകത്തെ രണ്ടാമത്തെ എക്സ്റേ പോളാരിമീറ്റർ സാറ്റലൈറ്റ് വിക്ഷേപണമാണ് എക്സ്പോസാറ്റിന്റേത്. ആറുമാസം കാലാവധിയുള്ള ഉപഗ്രഹം നിർമിച്ചത് വി.എസ്.എസ്.സി. യിലാണ്. എക്സ്പോസാറ്റിന് പുറമെ തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ്. വനിതാ എൻജിനിയറിങ് കോളേജിലെ വിദ്യാർഥിനികൾ നിർമിച്ച വി-സാറ്റ് ഉൾപ്പെടെ പത്തു ചെറു ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലേക്ക് കുതിച്ചുയര്‍ന്നു.