ന്യൂസ് ഡസ്ക്ക് : ഇസ്രയേൽ – ഹമാസ് പോരാട്ടം പാലസ്തീൻ എന്ന രാജ്യത്തെ ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കുമെന്ന രീതിയിൽ മുന്നോട്ട് പോകുന്നു. ഗാസ വളഞ്ഞ ഇസ്രയേൽ സൈന്യം വടക്ക് – പടിഞ്ഞാറൻ മേഖലയുടെ സമ്പൂർണ നിയന്ത്രണം ഏറ്റെടുത്തു. ഇത് ലോകത്തെ അറിയിക്കാനായി തിരഞ്ഞെടുക്കപ്പെട്ട മാധ്യമ സംഘത്തെ മേഖലയിൽ സൈന്യത്തോടൊപ്പം പ്രവേശിക്കാൻ അനുവദിച്ചു. തകർന്ന കെട്ടിടങ്ങൾക്കിടയിലൂടെ വടക്കൻ ഗാസയിലെ ഹമാസ് ആയുധസംഭരണ കേന്ദ്രത്തിൽ മാധ്യമപ്രവർത്തകർ എത്തുന്ന ദൃശ്യങ്ങൾ ബിബിസി സംപ്രേഷണം ചെയ്തു. ഹമാസിന്റെ 130 ഭൂഗർഭ ടണലുകൾ തകർത്തതായി ഇസ്രയേൽ കരസേന വക്താവ് അറിയിച്ചു. ഭൂമി തുരന്നുള്ള പരിശോധന പുരോഗമിക്കുന്നു. ഹമാസ് ബന്ദികളാക്കിയ 250 ലേറെ ബന്ദികളെ കണ്ടെത്താനാണ് ശ്രമം. ഗാസയിലെ മുഴുവൻ ടണലുകളും തകർത്ത് മുന്നേറാനാണ് ഇസ്രയേലിന്റെ തീരുമാനം. പാലസ്തീൻ നിവാസികളെ മുഴുവനായി ഇവിടെ നിന്നും ഗാസയുടെ തെക്കൻ ഭാഗത്തേയ്ക്ക് ആട്ടിപായിക്കുന്നതായി സർക്കാർ കുറ്റപ്പെടുത്തി.ഒറ്റ ദിവസത്തിനുള്ളിൽ അമ്പതിനായിരത്തോളം പാലസ്തീനികൾ ദക്ഷിണഗാസയിലേയ്ക്ക് പോയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കനത്ത ബോംബിങ്ങിനിടയിൽ ജനം തെരുവിലൂടെ നടന്ന് നീങ്ങുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഹമാസ് സാധാരണക്കാരെ മനുഷ്യകവചമാക്കുന്നത് തടയാനാണ് ശ്രമമെന്ന് ഇസ്രയേൽ അറിയിച്ചു.
യുദ്ധകുറ്റം
ഇസ്രയേലും – ഹമാസും നടത്തുന്നത് യുദ്ധകുറ്റമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ വോൾക്കർ ടർക്ക് കുറ്റപ്പെടുത്തി. പാലസ്തീൻ- ഈജിപ്ത് അതിർത്തി ഗേറ്റായ റഹാഫ് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ധ്യക്ഷൻ.
അഞ്ച് ദിവസമായി മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ സന്ദർശനം നടത്തുകയാണ് മനുഷ്യാവകാശ കമ്മീഷൻ. ഇസ്രയേലിലേയും പാലസ്തീനിലേയും സാധാരണക്കാരാണ് ഇരകളായി മാറുന്നതെന്ന് അദേഹം പറഞ്ഞു. അതേ സമയം മനുഷ്യാവകാശ കമ്മീഷന്റെ വിമർശനത്തോട് ഇസ്രയേൽ പ്രതികരിക്കാൻ തയ്യാറായില്ല.