സിറിയയില്‍ കനത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 480 ഓളം ആക്രമണങ്ങളാണ് സിറിയയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയിട്ടുള്ളത്. സിറിയയുടെ ഒരുകൂട്ടം യുദ്ധകപ്പലുകള്‍ ഇസ്രയേല്‍ തകര്‍ത്തു. കഴിഞ്ഞ ദിവസങ്ങളില്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നടന്ന വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെയാണിത്. Israel launches heavy attack on Syria
തിങ്കളാഴ്ച രാത്രി അല്‍ ബയ്ദ, ലതാകിയ തുറമുഖങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇവിടെ നങ്കൂരമിട്ടിരുന്ന 15 ഓളം കപ്പലുകള്‍ പൂര്‍ണ്ണമായും തകര്‍ത്തു. തുറമുഖങ്ങള്‍ക്കും കാര്യമായ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്.
ബാഷര്‍ അല്‍ അസദ് ഭരണത്തിന്റെ തകര്‍ച്ചയെ ‘പുതിയതും നാടകീയവുമായ ഒരു അധ്യായം’ എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. പശ്ചിമേഷ്യയുടെ മുഖം തങ്ങള്‍ മാറ്റുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു.
അസദ് നാടുവിടുകയും സിറിയ വിമതര്‍ പിടിച്ചടക്കുകയും ചെയ്തതിന് പിന്നാലെ തന്ത്രപ്രധാനമായ ഗോലന്‍ കുന്നുകളും ഇസ്രയേല്‍ കൈവശപ്പെടുത്തിയിരുന്നു. ഇവിടുത്തെ ബഫര്‍ സോണിലേക്കും അതിനപ്പുറത്തേക്കും ഇസ്രയേല്‍ കരസേനയെ വിന്യസിച്ചതായാണ് വിവരം.