കൊച്ചി: രാജ്യത്തെ രണ്ട് ലക്ഷത്തോളം വരുന്ന റബ്ബർ കർഷകരെ സഹായിക്കാനായി ഐസ്‌പീഡ് (‘iSPEED)’ പദ്ധതി പ്രഖ്യാപിച്ച് ടയർ നിർമാതാക്കളുടെ സംഘടനയായ ആത്മ. ഉത്പാദനക്ഷമത, ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങൾ, റബ്ബറിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തൽ എന്നിവ ലക്ഷ്യമിട്ടാണ് പ്രോജക്റ്റ് ഇൻറോഡിന്റെ (ഇന്ത്യൻ നാച്വറൽ റബർ ഓപ്പറേഷൻസ് ഫോർ അസിസ്റ്റഡ് ഡെവലപ്മെൻറ്) ഭാഗമായി ഇൻറോഡ് സ്‌കില്ലിംഗ് ആൻഡ് പ്രൊഡക്ഷൻ എഫിഷ്യൻസി എൻഹാൻസ്മെന്റ് ഡ്രൈവ് (ഐസ്‌പീഡ്) പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
റബ്ബറിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പുതിയ തോട്ടങ്ങൾ വികസിപ്പിക്കുന്നതിനും ടയർ വ്യവസായ മേഖല നേരിട്ട് നടപ്പാക്കുന്ന ആദ്യ പദ്ധതിയാണിത്. 1100 കോടി രൂപയുടെ നിക്ഷേപമുള്ള ഈ പദ്ധതി അപ്പോളോ, സിയറ്റ്, ജെ കെ, എം ആർ എഫ് എന്നീ ഓട്ടോമോട്ടീവ് ടയർ മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷൻ (ആത്മ) അംഗങ്ങളുടെ ധനസഹായത്തോടെയാണ് നടപ്പാക്കുന്നത്. റബർ ബോർഡ് ഓഫ് ഇന്ത്യയ്ക്കാണ് പദ്ധതി നിർവഹണ ചുമതല.
ഇൻറോഡ് പദ്ധതിയുടെ ഭാഗമായ 145 കോടി രൂപയുടെ അഞ്ച് വർഷത്തെ പദ്ധതി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും പശ്ചിമ ബംഗാളിലെയും രണ്ട് ലക്ഷത്തിലധികം ചെറിയ റബ്ബർ കർഷകർക്കും നഴ്‌സറികൾക്കും നേരിട്ട് പ്രയോജനാം ലഭിക്കും. ആധുനിക പരിശീലനം, അടിസ്ഥാന സൗകര്യങ്ങളുടെ വിന്യാസം , ഉത്പാദന നിലവാരം മെച്ചപ്പെടുത്തൽ എന്നിവയിലൂടെയാണ് ഇത് സാധ്യമാകുന്നത്.
ഐസ്‌പീഡ് വഴി ഇന്ത്യയിലെ റബ്ബർ കർഷകരുടെ അറിവിലേക്കും കഴിവുകളിലേക്കും നിക്ഷേപം നടത്തുകയാണ് ചെയ്യുന്നതെന്ന് ആത്മ ചെയർമാനും എംആർഎഫ് ലിമിറ്റഡ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അരുണ്‍ മാമ്മൻ പറഞ്ഞു. വൈജ്ഞാനിക വിദ്യകളും, മിതവ്യയപരമായ കൃഷിപാഠങ്ങളും, അടിസ്ഥാനസൗകര്യങ്ങൾ പങ്ക് വെയ്ക്കുന്നതും വഴി ചെറുകിട കർഷകരെ ശക്തിപ്പെടുത്തുന്ന മാതൃകയെ പിന്തുണയ്ക്കുന്നതിൽ ഇന്ത്യൻ ടയർ വ്യവസായം അഭിമാനിക്കുന്നുവെന്നും ഇത് റബർ സ്വയംപര്യാപ്തതയെന്ന ലക്ഷ്യത്തിലേക്കുള്ള തുടക്കമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇൻറോഡ് പദ്ധതി നിലവിൽ വരുന്നതോടെ, വടക്കുകിഴക്കൻ ഇന്ത്യയിൽ കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ 1.36 ലക്ഷം പേരാണ് പുതിയതായി റബ്ബർ കൃഷിയിൽ ഏർപ്പെട്ടത്.
ഐസ്‌പീഡ് പദ്ധതിയുടെ ഭാഗമായി ഉയർന്ന നിലവാരമുള്ള ഷീറ്റുകൾ ഉത്പാദിപ്പിക്കാൻ 3,000 സ്മോക്ക് ഹൗസുകൾ സ്‌ഥാപിക്കുക്കയും 3,000 ഷീറ്റ് റോളിംഗ് മെഷീനുകൾ സ്‌ഥാപിക്കുകയും ചെയ്യും. പ്രധാന കൃഷിയിടങ്ങളിൽ മാതൃകാ നഴ്‌സറികളും പ്രദർശന യൂണിറ്റുകളും സ്‌ഥാപിക്കും. തോട്ടത്തിൽ നിന്ന് ഉത്പന്നം ശേഖരിച്ച് കൈകാര്യം ചെയ്യാൻ പ്രോസസ്സിംഗ്, ഗ്രേഡിംഗ് സെന്ററുകൾ സ്‌ഥാപിക്കുകയും വൈജ്ഞാനിക കൈമാറ്റത്തിനായി കർഷകരുടെ നെറ്റ്‌വർക്ക് രൂപീകരിക്കുകയും ചെയ്യുമെന്ന് ഇൻറോഡ് ചെയർമാൻ പ്രവീൺ തൃപാഠി പറഞ്ഞു.
ത്രിപുരയിലെയും അസമിലെയും കൃഷിയിടങ്ങളിൽ സ്മോക് ഹൗസ് യൂണിറ്റുകൾ ആരംഭിച്ച് ആത്മ ചെയർമാൻ അരുൺ മാമൻ പദ്ധതി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു.
റബ്ബർ തോട്ടങ്ങളിലെ വിളവിന്റെ വർദ്ധന, ആർ എസ് എസ് -4 ഗുണനിലവാരമുള്ള റബ്ബറിന്റെ ലഭ്യത, കർഷകർക്ക് നല്ല വിലയും വരുമാനവുമുണ്ടാകുക, സുസ്ഥിര ടാപ്പിംഗ്, ഇൻറർക്രോപ്പിംഗ് എന്നിവ ഉറപ്പാക്കുക, ആഗോള നിലവാരങ്ങൾക്കും മികച്ച രീതികൾക്കുമായി പരിശീലനം നേടിയ തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കുക എന്നതാണ് ഐസ്‌പീഡ് പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ.