സ്പെഷൽ റിപ്പോർട്ട്
കൊച്ചി: വോട്ടെടുപ്പ് ദിനം തന്നെ വെളിപ്പെടുത്തലുമായി ഇപി എത്തിയത് കൃത്യമായ തിരക്കഥയുടെ ഭാഗമാണെന്ന് ചിലർ പറയുമ്പോൾ തൃശൂരിൽ ജയിച്ചുകയറാൻ ബിജെപി ഒരുക്കിയ ചൂണ്ടയിൽ അറിയാതെ കൊത്തുകയായിരുന്നു എന്നാണ് മറ്റുള്ളവർ പറയുന്നത്. ഏതാണ് സത്യമെന്ന് ഇ.പിക്കു മാത്രം അറിയാം. എന്തായാലും വീണുകിട്ടിയ ആയുധം, കത്തിപ്പടരുന്നുകഴിഞ്ഞ തവണത്തെക്കാൾ സീറ്റുനിലയിൽ ഏറെ മുന്നോട്ടുപോകുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ഇടതുമുന്നണിക്ക് പോളിംഗ് ദിനത്തിലെ കനത്ത ആഘാതമായി മാറി ജയരാജന്റെ വെളിപ്പെടുത്തൽ.
ഇന്നു രാവിലെയാണ് തന്റെ മകന്റെ ഫ്‌ളാറ്റിലെത്തി ജാവദേക്കര്‍ തന്നെ കണ്ടുവെന്ന് ഇപി ജയരാജന്‍ സ്ഥിരീകരിച്ചത്. വീണുകിട്ടിയ ആയുധം യുഡിഎഫ് പരാമവധി ഉപയോഗപ്പെടുത്തി എന്നു പറയാം. ഇത് മനസിലാക്കിയാണ് കനത്ത ഭാഷയിൽ മുഖ്യമന്ത്രി ഇപിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുംവിമർശനത്തിൽ പങ്കുചേരുകയും ചെയ്തു. വിവാദവും തുടർന്നുള്ള വെളിപ്പെടുത്തലും വോട്ടർമാരെ എങ്ങനെ സ്വാധീനിച്ചു എന്നറിയാൽ വോട്ടെണ്ണൽ വരെ കാത്തിരിക്കേണ്ടി വരും.തൃശൂരിൽ സുരേഷ് ഗോപി ജയിച്ചാൽ അത് സിപിഎമ്മിന്റെ സഹായത്തോടെയാണെന്ന ആക്ഷേപം ശക്തമാവുകയും അത് പാർട്ടിയുടെ നിലനിൽപ്പിനെപ്പോലും ബാധിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. എന്തായാലും ഇപിയുടെ വെളിപ്പെടുത്തൽ സംസ്ഥാനത്തെ സിപിഎമ്മിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാക്കും ഉണ്ടാക്കുക.
ഇപി ജയരാജൻ- പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച സംബന്ധിച്ചുള്ള വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിനിടെ പുതിയ വെളിപ്പെടുത്തലുമായി ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ ശോഭാ സുരേന്ദ്രൻ രംഗത്തെത്തി. സംസ്ഥാനത്തെ പ്രമുഖരായ ഏഴാേളം കോൺഗ്രസ്, സിപിഎം നേതാക്കൾ ബിജെപിയിൽ ചേരുന്നത് സംബന്ധിച്ച് ചർച്ച നടത്തിയെന്നാണ് ശോഭ സുരേന്ദ്രൻ്റെ വെളിപ്പെടുത്തൽ. ആലത്തൂരിൽ വോട്ടുചെയ്തശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ജയരാജന് ബിജെപിയിൽ ചേരാൻ ഒരു ഓഫറും നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു.കേരളത്തിലെ ഏഴാേളം പ്രഗത്ഭരായ നേതാക്കളെ ഞാൻ കണ്ടിട്ടുണ്ട്. അവരുമായി സംസാരിച്ചിട്ടുണ്ട്. അതിൽ കോൺഗ്രസിൽ നിന്നും മാർക്സിസ്റ്റ് പാർട്ടിയിൽ നിന്നുള്ള നേതാക്കളും ഉണ്ട്. പാർട്ടി മെഷിനറി ആവശ്യപ്പെട്ടതുപ്രകാരമാണ് അത്തരത്തിലുള്ള പ്രവർത്തനവുമായി മുന്നോട്ടുപോയത്. കേരളത്തിലെ മുഖ്യമന്ത്രി പദത്തിലേക്ക് ഭാരതീയ ജനതാപാർട്ടി നേതൃത്വം നൽകുന്ന എൻഡിഎ കടന്നുവരുമെന്ന് പറയുന്നത് അതുകൊണ്ടാണെന്നും ശോഭ പറഞ്ഞു.