കരയുദ്ധമെങ്കിൽ അമേരിക്കൻ സൈനികർ സ്രാവുകൾക്ക് ഇരയാകും”; യുഎസിന് ഇറാന്റെ കടുത്ത മുന്നറിയിപ്പ്
ടെഹ്റാൻ: കരയുദ്ധത്തിന് അമേരിക്ക മുന്നോട്ട് വന്നാൽ അതിന്റെ പ്രത്യാഘാതം ഗുരുതരമാകുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. കരയുദ്ധം ആരംഭിച്ചാൽ യുഎസ് സൈനികർ പേർഷ്യൻ ഉൾക്കടലിലെ സ്രാവുകൾക്ക് ഇരയാകുമെന്ന തരത്തിൽ കടുത്ത ഭാഷയിലാണ് ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സോൽഫഘാരി പ്രതികരിച്ചത്.അമേരിക്ക–ഇറാൻ ബന്ധം കൂടുതൽ വഷളാകുന്നതിനിടെയാണ് ഈ പ്രസ്താവന.
3500 സൈനികരുമായി യുഎസ് യുദ്ധക്കപ്പലായ USS Tripoli പശ്ചിമേഷ്യയിൽ എത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്. കൂടാതെ, പതിനായിരത്തോളം സൈനികരെ കൂടി മേഖലയിൽ വിന്യസിക്കാൻ യുഎസ് ആലോചിക്കുന്നതായും സൂചനകളുണ്ട്.
നേരത്തെ യുഎസിനെതിരെ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖലിബാഫും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. നയതന്ത്ര ചർച്ചകളെക്കുറിച്ച് പരസ്യമായി സംസാരിക്കുന്ന യുഎസ് രഹസ്യമായി ഇറാനെ ആക്രമിക്കാൻ ഒരുങ്ങുകയാണെന്ന് അദ്ദേഹം ആരോപിച്ചു.“ശത്രു പുറത്തേക്ക് സമാധാന സന്ദേശങ്ങൾ നൽകുമ്പോഴും രഹസ്യമായി ആക്രമണത്തിന് തയ്യാറെടുക്കുകയാണ്. യുഎസ് ഇറാന്റെ കീഴടങ്ങൽ ആവശ്യപ്പെടുന്നിടത്തോളം ഞങ്ങൾ അപമാനം സഹിക്കില്ല,” എന്ന് ഖലിബാഫ് വ്യക്തമാക്കി.
അതേസമയം, നയതന്ത്ര ചർച്ചകൾ തുടരുന്നുവെന്ന നിലപാടിലാണ് അമേരിക്ക. ഇറാനുമായി ബന്ധപ്പെടുന്നുണ്ടെന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അറിയിച്ചു. പാക്കിസ്ഥാൻ മധ്യസ്ഥതയിൽ സമാധാന ശ്രമങ്ങൾ പുരോഗമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. തുർക്കി, സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ചർച്ചകൾക്ക് ഇടപെടുന്നുണ്ട്.പശ്ചിമേഷ്യയിലെ സാഹചര്യം കൂടുതൽ വഷളാകുമോ എന്ന ആശങ്കയ്ക്കിടയിൽ ഈ മുന്നറിയിപ്പ് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുകയാണ്.









