യുഎഇയിൽ ഇറാൻ മിസൈൽ ആക്രമണം; 5 ഇന്ത്യക്കാർക്ക് പരുക്ക്! അബുദാബിയിൽ വൻ തീപിടിത്തം
ടെഹ്റാൻ: അബുദാബിയിലെ കെസാദ് വ്യവസായ മേഖലയ്ക്ക് സമീപം ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൻ തീപിടിത്തം ഉണ്ടായതായി റിപ്പോർട്ട്. യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകൾ തകർത്തുവെങ്കിലും അവയുടെ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്നാണ് രണ്ടിടങ്ങളിൽ തീപിടിത്തമുണ്ടായത്.
സംഭവത്തിൽ അഞ്ച് ഇന്ത്യക്കാർക്ക് പരുക്കേറ്റതായി സ്ഥിരീകരിച്ചു. ഇവരെ ഉടൻ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. സിവിൽ ഡിഫൻസ് സംഘം തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയെന്നും സ്ഥിതിഗതികൾ നിയന്ത്രണത്തിലാണ് എന്നും അധികൃതർ അറിയിച്ചു.
അതേസമയം, മധ്യ ഇറാനിലെ ഖൊണ്ഡാബ് യുറേനിയം സംസ്കരണ പ്ലാന്റിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണവും സംഘർഷം കടുപ്പിച്ചു. ആളപായമോ ആണവവികിരണ ഭീഷണിയോ ഇല്ലെന്നാണ് ഇറാൻ വ്യക്തമാക്കിയത്. എന്നാൽ തിരിച്ചടിയായി യുഎസ്, ഇസ്രയേൽ ബന്ധമുള്ള വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യമാക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ഇതിനൊപ്പം ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. ഇറാൻ സേനയായ റവലൂഷനറി ഗാർഡ് (ഐആർജിസി) അനുമതിയോടെ മാത്രമേ കപ്പലുകൾ കടന്നുപോകാൻ അനുവദിക്കൂവെന്ന് അറിയിച്ചു. സുരക്ഷാ പരിശോധനയുടെ പേരിൽ ഫീസ് ഈടാക്കുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
യുദ്ധാവസ്ഥ ആരംഭിച്ചതിനു ശേഷം ഹോർമുസ് കടലിടുക്കിലൂടെയുള്ള രാജ്യാന്തര കപ്പൽ ഗതാഗതം 90 ശതമാനം വരെ കുറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, ഇറാന്റെ എണ്ണ കയറ്റുമതി ചൈനയിലേക്ക് തടസ്സമില്ലാതെ തുടരുന്നതായും വിവരങ്ങൾ പുറത്തുവന്നു.
English Summary
Iran launched missile attacks near Abu Dhabi, causing fires after debris fell despite UAE interception. Five Indians were injured. Tensions escalated further after Israeli strikes in Iran, while Tehran tightened control over shipping through the Strait of Hormuz.









