ന്യൂഡല്‍ഹി: ഇന്ത്യ- പാകിസ്ഥാന്‍ സംഘർഷം രൂക്ഷമായതിനെ തുടർന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ പുനരാരംഭിക്കും. മെയ് 17നാണ് മത്സരങ്ങള്‍ തുടങ്ങുകയെന്ന് ബിസിസിഐ അറിയിച്ചു.
6 വേദികളിലായാണ് അവശേഷിക്കുന്ന മത്സരങ്ങള്‍ പൂര്‍ത്തിയാക്കുക. ഫൈനല്‍ മത്സരം ജൂണ്‍ 3ന് നടത്തുമെന്നും ബിസിസിഐ അറിയിച്ചു. കൂടാതെ പ്ലേ ഓഫ് മത്സരങ്ങളുടെ ഷെഡ്യൂളും പുറത്തുവന്നിട്ടുണ്ട്.
ഒന്നാം ക്വാളിഫയര്‍ മത്സരം മെയ് 29നും എലിമിനേറ്റര്‍ മത്സരം മെയ് 30നും നടക്കും. രണ്ടാം ക്വാളിഫയര്‍ ജൂണ്‍ 1ന് ആണ് നടക്കുക. തുടര്‍ന്ന് ജൂണ്‍ 3നു ഫൈനൽ മത്സരം നടത്താനാണ് തീരുമാനം.
വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി
മുംബൈ: ഇന്ത്യയുടെ സൂപ്പർ ബാറ്റർ വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ടെസ്റ്റ് മതിയാക്കി ദിവസങ്ങൾക്കുള്ളിലാണ് കോഹ്‌ലിയും ടെസ്റ്റ് മതിയാക്കുന്നതായി പ്രഖ്യാപിച്ചത്. 14 വർഷം നീണ്ട ടെസ്റ്റ് കരിയറിനാണ് താരം വിരാമം കുറിച്ചത്.
ടെസ്റ്റ് മതിയാക്കാനുള്ള ആഗ്രഹം കഴിഞ്ഞ ദിവസം അദ്ദേഹം ബിസിസിഐയെ അറിയിച്ചിരുന്നു. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം വിരമിക്കൽ തീരുമാനം എടുത്താൽ മതിയെന്നു ബിസിസിഐ അദ്ദേഹത്തോടു ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അതൊന്നും അദ്ദേഹം പരിഗണിച്ചില്ലെന്നാണ് പുറത്തു വരുന്ന വിവരം.
‘കഴിഞ്ഞ 14 വർഷമായി ടെസ്റ്റ് ക്രിക്കറ്റിൽ ഞാൻ ഈ ബാഗി ബ്ലൂ ധരിക്കുന്നുണ്ട്, ഈ ഫോർമാറ്റാണ് എന്നെ ഇത്തരത്തിൽ രൂപപ്പെടുത്തിയത്. ഇത്ര കാലം നീണ്ട യാത്ര ഒരിക്കലും പ്രതീക്ഷിച്ചതല്ല. ജീവിത പാഠങ്ങൾ പോലും ടെസ്റ്റ് ഫോർമാറ്റ് എന്നെ പഠിപ്പിച്ചിരുന്നു. വെള്ള വസ്ത്രം ധരിച്ചു കളിക്കുമ്പോൾ ആഴത്തിലുള്ള ചില നിമിഷങ്ങൾ അനുഭവപ്പെടാറുണ്ട്. ആ ഓർമകൾ എക്കാലവും ഉള്ളിൽ നിലനിൽക്കും.’
‘ഈ ഫോർമാറ്റിൽ നിന്നു മാറി നിൽക്കുന്നത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ ഇപ്പോൾ അതിന് ശരിയായ സമയമാണ്. എന്റെ കഴിവിന്റെ എല്ലാം ടെസ്റ്റ് ഫോർമാറ്റിനായി ഞാൻ സമർപ്പിക്കുകയാണ്. ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത അത്രയും തിരികെ കിട്ടിയിട്ടുണ്ട്.
നിറഞ്ഞ മനസോടെയാണ് ഇവിടെ നിന്നും മടങ്ങുന്നത്. നിറഞ്ഞ പുഞ്ചിരിയോടെയായിരിക്കും ഞാൻ ടെസ്റ്റ് കരിയറിനെ തിരിഞ്ഞു നോക്കുക’- കോഹ്‌ലി വിരമിക്കൽ തീരുമാനം അറിയിച്ച് ഇൻസ്റ്റയിൽ കുറിച്ചു.