കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ – ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് ആത്മഹത്യാക്കുറിപ്പിൽ പേരുള്ള മൂന്നു ജീവനക്കാർ കുടുങ്ങും. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാനാണ് പോലീസ് നീക്കമെന്ന് സൂചനയുണ്ട്. Investor’s suicide: Bank employees will be trapped; Bank board of directors gives up
സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജാമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയി തോമസ് എന്നിവർക്കെതിരെ ആത്മഹത്യാക്കുറിപ്പിൽ സൂചനകളുള്ളത്. ഇവരെ സസ്പെൻഡ് ചെയ്തതായി ഭരണസമിതി അറിയിച്ചിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് കട്ടപ്പന മുളങ്ങാശേരി സാബു തോമസ് (56) കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് മുന്നിൽ ആത്മഹത്യ ചെയ്യുന്നത്. തുടർന്ന് പോലീസ് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ സെക്രട്ടറിയും രണ്ടു ജീവനക്കാരും ഭാര്യയുടെ ചികിത്സയ്ക്ക് പണം ചോദിച്ചു ചെന്നപ്പോൾ പിടിച്ചു തള്ളിയതായും ഇവരാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നും എഴുതിയിരുന്നു.
പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ജില്ലാ പോലീസ് മേധാവി ഇടപെട്ട് ഡി.വൈ.എസ്.പി.യും രണ്ട് സി.ഐ.മാരും രണ്ട് എസ്.ഐ.മാരും അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.