തൃശൂർ: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യയ്ക്ക് പിഎച്ച്ഡി പഠനം തുടരാമെന്ന് റിപ്പോർട്ട്. വിദ്യയ്ക്ക് ഗവേഷണം തുടരാന്‍ തടസമില്ലെന്ന് കാലടി സര്‍വകലാശാല നിയമിച്ച ആഭ്യന്തര അന്വേഷണ സമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. പഠനം തുടരാന്‍ അനുമതി ആവശ്യപ്പെട്ട് വിദ്യ സര്‍വകലാശാലയ്ക്ക് അപേക്ഷ നല്‍കി.(Investigation committee report that accused K Vidya can continue her PhD)
ഗവേഷണം തുടരുന്ന കാര്യത്തില്‍ അടുത്ത അക്കാദമിക് കൗണ്‍സില്‍ യോഗം തീരുമാനമെടുക്കും. വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിനും സംസ്കൃത സര്‍വകലാശാലയിലെ പിഎച്ച്ഡി പഠനത്തിനും തമ്മില്‍ ബന്ധമേതുമില്ലെന്നാണ് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തല്‍. സര്‍വകലാശാലയ്ക്കു പുറത്തു നടന്ന സംഭവത്തിന്‍റെ പേരില്‍ വിദ്യയുടെ ഗവേഷണ പഠനം തടയേണ്ടതില്ലെന്നും കെ പ്രേംകുമാര്‍ എംഎല്‍എ അധ്യക്ഷനായ സിന്‍ഡിക്കേറ്റ് ഉപസമിതി നല്‍കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംവരണ ചട്ടം പാലിക്കാതെയാണെന്ന ആരോപണത്തിലും കഴമ്പില്ലെന്നാണ് സിന്‍ഡിക്കേറ്റ് ഉപസമിതി കണ്ടെത്തല്‍. ഇതോടെയാണ് വിദ്യയ്ക്ക് ഗവേഷണം തുടരാനുളള വഴിയൊരുങ്ങുന്നത്. ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലായിരുന്നു മുന്‍ എസ്എഫ്ഐ നേതാവായ കെ വിദ്യയെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് നടക്കുന്ന ഘട്ടത്തില്‍ കാലടി സംസ്കൃത സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിനിയായിരുന്നു വിദ്യ.