കോട്ടയം: സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.
17 കാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ കോട്ടയം മണിമല സ്വദേശി കാളിദാസ് എസ് കുമാറിനെയാണ് തിരുവല്ല പോലീസ് ഉത്തർപ്രദേശിലെത്തി പിടികൂടിയത്.
അന്വേഷണം നടത്തിവരുന്നതിനിടെ ആറ് മാസത്തിന് ശേഷമാണ് പ്രതിയെ പിടികൂടാൻ പോലീസിനായത്.
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് യുവാവിന്റെ വീട്ടിലും മറ്റ് സ്ഥലങ്ങളിലും എത്തിച്ച് ഒന്നര വർഷത്തോളം പീഡനത്തിനിരയാക്കിയതായാണ് വിവരം.
പിന്നീട് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച പെൺകുട്ടിയെ മാതാപിതാക്കൾ കൗൺസിലിംഗിന് വിധേയയാക്കിയപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. തുടർന്ന് ബന്ധപ്പെട്ട അധികൃതർ സിഡബ്ല്യുസിയെ വിവരം അറിയിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയതിന് പ്രതിക്കെതിരെ പോക്സോ കേസെടുത്തതോടെ ഇയാൾ സ്ഥലം വിടുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത് മാസങ്ങൾക്ക് ശേഷം ഉത്തർപ്രദേശ് – ഹരിയാന അതിർത്തിയിലുള്ള ഒരു ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.
വ്യാപക അന്വേഷണം നടത്തുന്നതിനിടെ സിം കാർഡുകൾ മാറിമാറി ഉപയോഗിച്ച് പോലീസിനെ ചുറ്റിച്ച പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പിടികൂടിയത്. ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.