തിരുവനന്തപുരം : ഇൻസുലിൻ കുത്തിവയ്ക്കുന്നതോർത്ത് ഇനി വിഷമിക്കണ്ട. സിറിഞ്ചും നീഡിലും ഇനി ഉപേക്ഷിക്കാം. കുട്ടികൾക്കും മുതിർന്നവർക്കും വായിലൂടെ ഇൻസുലിൻ ശ്വസിച്ചാൽ മതി.
അതിനുള്ള ഇൻഹേലർ ഈ വർഷം തന്നെ ആശുപത്രികളിലും മെഡിക്കൽ സ്റ്റോറുകളിലും ലഭ്യമാകുമെന്നാണ് റിപ്പോർട്ട്
അമേരിക്കയിലെ മാൻകൈൻഡ് കോർപ്പറേഷൻ വികസിപ്പിച്ച ഇൻസുലിൻ ഇൻഹേലർ അഫ്രെസ്സയ്ക്ക് ഇന്ത്യയിലും ഉപയോഗത്തിന് അനുമതിയായി.
മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിപ്ലയാണ് ഇൻഹേലർ ഇന്ത്യയിൽ നിർമ്മിക്കുന്നതും വില്പന നടത്തുന്നതും. എന്നാൽ വില പുറത്തുവിട്ടിട്ടില്ല. അമേരിക്കയിൽ 2014ലാണ് അംഗീകാരം ലഭിച്ചത്.
മൂന്നു യൂണിറ്റ് കുത്തിവയ്പ് എടുക്കുന്നവർക്ക് ഇതിൽ ആറ് ഡോസ് വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. അളവ് അനുസരിച്ച് പൗഡർ കാട്രിജ്ഡ് ഇൻഹേലറിൽ വയ്ക്കണം.
മരുന്ന് ശരീരത്തിലെത്തിയാൽ 15 മിനിട്ടിനുള്ളിൽ പ്രവർത്തനം തുടങ്ങും. മൂന്നു മണിക്കൂറിനുള്ളിൽ രക്തത്തിൽ നിന്ന് ഇൻസുലിൻ അപ്രത്യക്ഷമാകും. ഭക്ഷണത്തിനുശേഷം രക്തത്തിലെ പഞ്ചസാര പെട്ടെന്ന് കുറയുന്ന ഹൈപ്പോ ഗ്ലൈസീമിയ എന്ന അവസ്ഥ ഇതോടെ മാറും
ഇൻസുലിൻ എടുക്കുന്നവർക്ക് ഭാരം കൂടുന്ന അവസ്ഥയും ഉണ്ടാകില്ല.നിരവധി തവണ കുത്തിവയ്പ്പ് എടുക്കുന്നവർക്ക് മാത്രമല്ല, ഓട്ടോമാറ്റഡ് ഡിവൈസ് ഉപയോഗിക്കുന്നവർക്കും ആശ്വാസമാകും ഇത് എന്നാണ് റിപ്പോർട്ട്.