കൊച്ചി: ഇല വന്ന് മുള്ളിൽ വീണാലും മുള്ള് ചെന്ന് ഇലയിൽ വീണാലും കേട് ഇലക്കു തന്നെ എന്നു പറയുന്നതു പോലെയാണ് ആനവണ്ടിയുമായിമായി മുട്ടിയാൽ മറ്റു വാഹനങ്ങളുടെ കാര്യം.
കെ.എസ്.ആർ.ടി.സിയിൽ എല്ലാ ബസുകൾക്കും ഇൻഷുറൻസ് ഇല്ലെന്നാണ് പുറത്തു വരുന്ന വിവരം. കെ.എസ്.ആർ.ടി.സിക്ക് ആകെയുള്ള ബസുകളുടെ എണ്ണം 5533 ആണ്. ഇതിൽ 2346 ബസുകൾക്ക് മാത്രമാണ് മോട്ടോർ വാഹന നിയമപ്രകാരം ഇൻഷുറൻസുള്ളത്. അവശേഷിക്കുന്ന 2187 ബസുകൾക്ക് ഇൻഷുറൻസ് ഇല്ലെന്നതാണ് പുറത്തു വരുന്ന വിവരം. 1902 കെ.എസ്.ആർ.ടി.സി. ബസുകളും 444 കെ സ്വിഫ്റ്റ് ബസുകൾക്കും മാത്രമാണ് ഇൻഷുറൻസ് പരിരക്ഷയുള്ളത്.
എന്നാൽ നിരത്തിൽ ഓടുന്ന എല്ലാ ബസുകൾക്കും മോട്ടോർ വാഹന നിയമപ്രകാരമുള്ള ഫിറ്റ്‌നസുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നിരത്തിൽ ഓടുന്ന എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളും ഇൻഷുറൻസ് പരിരക്ഷയില്ലെന്ന് ഇതിൽനിന്നു വ്യക്തമാകുന്നു. ഇൻഷുറൻസ് ഇല്ലാതെ ഓടുന്ന ബസുകൾ അപകടത്തിൽപ്പെട്ടാൽ യാത്രക്കാരനു നഷ്ടപരിഹാരം കിട്ടുന്നതു നിയമക്കുരുക്കിലാകാനും സാധ്യതയുണ്ട്.
എന്നാൽ, അപകടത്തിൽപ്പെട്ടവർക്ക് 2015 ലെ കെ.എസ്.ആർ.ടി.സി. പദ്ധതി പ്രകാരം വ്യക്തിപര അപകട സമൂഹ ഇൻഷുറൻസ് ഉണ്ടെന്ന് രേഖയിൽ പറയുന്നു. മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിന്റെ നഷ്ടപരിഹാരവും അപകടത്തിൽപ്പെടുന്നവർക്കു ലഭ്യമാക്കുന്നുണ്ടെന്നും വിവരാവകാശ മറുപടിയിൽ പറയുന്നു.
യാത്രക്കാർക്ക് പ്രത്യേക ഇൻഷുറൻസ് പരിരക്ഷയോടെയാണ് കെ.എസ്.ആർ.ടി.സി ബസ്സുകൾ സർവീസ് നടത്തുന്നതെന്നാണ് അധികൃതർ പറയുന്നത്
കെ.എസ്.ആർ.ടി.സി ബസ്സിൽ കയറുന്ന ഒരോ യാത്രക്കാരനെയും അതിൽ നിന്ന് ഇറങ്ങുന്നതുവരെ സുരക്ഷിതമാക്കുന്നതിനാണി് സാമൂഹിക സുരക്ഷാ ഇൻഷുറൻസ് ഏർപ്പെടുത്തിയിരിക്കുന്നത്.
രണ്ടു തരത്തിലുള്ള ഇൻഷുറൻസ് പോളിസികളാണ് യാത്രക്കാർക്കായി കെ.എസ്.ആറ്‍.ടി.സി ഏർപ്പെടുത്തിയിട്ടുള്ളത്.
ടിക്കറ്റ് റിസർവു ചെയ്യുന്നവർ, യാത്രയ്ക്കിടെ നേരിട്ട് ടിക്കറ്റ് എടുക്കുന്നവർ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് സുരക്ഷ ലഭിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന ആൾക്ക് യാത്രയ്ക്കിടെ അപകടം സംഭവിച്ചാൽ ചികിത്സാ ചെലവായി പരമാവധി മൂന്നു ലക്ഷവും മരണം സംഭവിച്ചാൽ ആശ്രിതർക്ക് 10 ലക്ഷവും ആണ് ലഭിക്കുക. നേരിട്ട് ടിക്കറ്റ് എടുക്കുന്നവർക്ക് അപകടം സംഭവിച്ചാൽ 2 ലക്ഷം രൂപ ചികിത്സാ ചെലവും മരണം സംഭവിച്ചാൽ ആശ്രിതർക്ക് 5 ലക്ഷം രൂപയും ലഭിക്കുമെന്നാണ് അധികൃതർ പറയുന്നത്.
യാത്രക്കാരൻ ബസ്സിൽ കയറിയാൽ സ്വന്തം സ്റ്റോപ്പിൽ ഇറങ്ങുന്നതു വരെയാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. അപകടം സംഭവിച്ചാൽ ഏറ്റവും അടുത്തുള്ള കെ.എസ്.ആർ.ടി.സി ഓഫീസുമായാണ് ബന്ധപ്പെടേണ്ടത്. യാത്ര ചെയ്ത ടിക്കറ്റ്, തിരിച്ചറിയൽ രേഖ, ആശുപത്രി ചികിത്സാ രേഖകൾ, ബില്ലുകൾ എന്നിവ സഹിതം ഇൻഷുറൻസ് ക്ലെയിമിനായി കെ.എസ്.ആർ.ടി.സി ഓഫീസുകളിൽ അപേക്ഷിക്കാം.