ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ വഴി ഇനി സിനിമാ ടിക്കറ്റും ബുക്ക് ചെയ്യാം. ഡിജിറ്റല്‍ പേമെന്റ്‌സ് സേവനമായ പേടിഎമ്മിന്റെ സിനിമാ, ഇവന്റ് ടിക്കറ്റിങ് സർവീസ് എന്നിവ നൽകുന്ന ‘ടിക്കറ്റ് ന്യൂ’ ഏറ്റെടുക്കാനൊരുങ്ങുകയാണ് സൊമാറ്റോ. 2048 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍.(India’s Zomato expands movie and event ticketing business)
നിലവില്‍ റിലയന്‍സ് ജിയോയുടെ ബുക്ക് മൈ ഷോ എന്ന പ്ലാറ്റ്‌ഫോമാണ് സിനിമാ, ഇവന്റ് ടിക്കറ്റിങ് രംഗത്ത് രാജ്യത്ത് മുന്നിലുള്ളത്. എന്നാൽ 2017 മുതല്‍ ബുക്ക് മൈ ഷോയുടെ ശക്തരായ എതിരാളിയാണ് പേടിഎം. ഈ വിപണി വിഹിതമാണ് പേടിഎം സൊമാറ്റോയ്ക്ക് കൈമാറുന്നത്. സിനിമാ ടിക്കറ്റിങ് സേവനം സ്വന്തമായി ആരംഭിച്ച പേടിഎം 2017, 2018 വര്‍ഷങ്ങളിലാണ് തത്സമയ പരിപാടികളുടെ ടിക്കറ്റ് ബുക്കിങ് സേവനമായ ഇന്‍സൈഡറിനേയും സിനിമാ ടിക്കറ്റിങ് സേവനമായ ടിക്കറ്റ് ന്യൂവിനേയും ഏറ്റെടുത്തത്.
തങ്ങളുടെ പ്രധാന വ്യവസായ മേഖലയായ സാമ്പത്തിക സേവന രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പേടിഎമ്മിന്റെ തീരുമാനം. അതേസമയം ഫുഡ് ഡെലിവറി രംഗത്ത് നിന്ന് കൂടുതല്‍ മേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സൊമാറ്റോയ്ക്കും കഴിയും.