ഒരേസമയം പല ലക്ഷ്യങ്ങൾ തകർക്കാൻ കെൽപുള്ള സാങ്കേതികവിദ്യ സംയോജിപ്പിച്ച അഗ്നി മിസൈൽ കഴിഞ്ഞ ദിവസം ഇന്ത്യ വികസിപ്പിച്ചിരുന്നു. എന്നാൽ ഇതിന്റെ തലപ്പത്ത് നിന്ന് സംഘത്തെ നയിച്ചത് ഒരു മലയാളിയാണെന്നു അധികമാർക്കും അറിവുണ്ടാകില്ല. അഗ്നി-5 മിസൈലിന്റെ ഏറ്റവും പുതിയ പതിപ്പ് വികസിപ്പിച്ച ഡിആർഡിഒ ശാസ്ത്രജ്ഞരുടെ സംഘത്തെ നയിച്ചത് മലയാളിയായ ഷീനയാണ്. ‘മിഷൻ ദിവ്യാസ്ത്ര’ ദൗത്യത്തെ നയിയ്ക്കാൻ ഭാഗ്യം ലഭിച്ച ഷീന റാണി തിരുവനന്തപുരം സ്വദേശിനിയാണ്. പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞയാണ് ഷീന. 1998 ൽ പൊഖ്‌റാൻ ആണവ പരീക്ഷണത്തിന്റെ ഭാഗമായശേഷമാണു ഷീന ഡിആർഡിഒയിൽ ചേരുന്നത്. അഗ്നി മിസൈൽ ഗവേഷണവുമായി ബന്ധപ്പെട്ട് 1999 മുതൽ പ്രവർത്തിക്കുന്ന ഷീന, നിലവിൽ ഡിആർഡിഒയുടെ ഹൈദരാബാദ് ആസ്ഥാനമായുള്ള അഡ്വാൻസ്ഡ് സിസ്റ്റംസ് ലബോറട്ടറിയിൽ ശാസ്ത്രജ്ഞയാണ്.
തിരുവനന്തപുരത്ത് ജനിച്ചുവളർന്ന റാണിയുടെ റോക്കട്രിയിലും ബഹിരാകാശത്തിലുമുള്ള അഭിനിവേശം വളരെ നേരത്തെ തന്നെ തുടങ്ങിയിരുന്നു. തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് (സിഇടി) ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിരുദമെടുത്ത ശേഷം എട്ടുവർഷത്തോളം തിരുവനന്തപുരം വിഎസ്‌എസ്‌സിയിൽ സേവനമനുഷ്ഠിച്ച ശേഷമാണ് ഷീന രാജ്യത്തിൻറെ അഭിമാനമായ ദൗത്യത്തിൽ പങ്കാളിയാകുന്നത്.