ദുബായ്: ഇന്ത്യൻ രൂപ റെക്കോഡ് തകർച്ച നേരിടുമ്പോൾ പ്രവാസ ലോകത്തിന് ആഹ്ലാദം. ഡോളറിന് ആനുപാതികമായി അറബ് രാജ്യങ്ങളുടെ കറൻസിക്കെതിരെയും ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് കാരണം.
ഇതോടെ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയത്തുമ്പോൾ പഴയതിലും കൂടുതൽ ഇന്ത്യൻ രൂപ ലഭിക്കുന്നുണ്ട്. ഇതിന്റെ സന്തോഷത്തിലാണ് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ.
ഇന്നലെ ഒരു യുഎഇ ദിർഹത്തിന് 23.72 ഇന്ത്യൻ രൂപ ലഭിച്ചു. 2015ൽ ഒരു ദിർഹത്തിന് ലഭിച്ചിരുന്നത് 17.99 ഇന്ത്യൻ രൂപയായിരുന്നു. ഒരു സൗദി റിയാലിന്റെ മൂല്യം 23.22 രൂപയാണ്.
ഒരു ഖത്തർ റിയാലിന് 23.58 രൂപ. ബഹ്റൈനി റിയാലിന് 231.16 രൂപ. ഇപ്പോഴത്തെ വിനിമയ നിരക്ക് ഇങ്ങനെയാണ്. ഒമാനി റിയാലിന് 226.18 ഇന്ത്യൻ രൂപയും കുവൈത്തി ദിനാറിന് 282.05 രൂപയുമാണ് നിലവിലെ വില.
ചൈന, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള ട്രംപിന്റെ നീക്കമാണ് രൂപയുടെ തകർച്ചക്ക് പ്രധാന കാരണമായത്.
കൂടുതൽ ഇന്ത്യൻ കറൻസി ലഭിക്കുമെന്നതാണ് പ്രവാസികളുടെ ആശ്വാസം. അതേസമയം, സാമ്പത്തിക വിദഗ്ധർ രൂപയുടെ മൂല്യം കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെക്കുറിച്ച് ആശങ്കകൾ പ്രകടിപ്പിക്കുന്നുണ്ട്.
ഇറക്കുമതി ചെലവ് വർദ്ധിപ്പിക്കുകയും, ഇന്ത്യൻ സാമ്പത്തിക വളർച്ചയെ ബാധിക്കുകയും ചെയ്യുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
രൂപയുടെ മൂല്യം കുറഞ്ഞതിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ കണക്കിലെടുക്കേണ്ടതുണ്ടെന്നും സാമ്പത്തിക വിദഗ്ധർ ഓർമപ്പെടുത്തുന്നു.