യാത്രകൾക്കിടയിൽ ട്രെയിനുകൾ എവിടെയെത്തി എന്നറിയാനും ട്രെയിനുകളുടെ സമയക്രമം അറിയാനും സ്വകാര്യ ആപ്പുകൾ നോക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിച്ചോ? എട്ടിന്റെ പണി കിട്ടാൻ സാധ്യതയുണ്ട്.
ട്രെയിനുകളുടെ സമയം കൃത്യമായി അറിയാൻ സ്വകാര്യ ആപ്പുകൾ ഉപയോഗിക്കരുതെന്ന നിർദേശവുമായി ഇന്ത്യൻ റെയിൽവേ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്.
ട്രെയിൻ പുറപ്പെടുന്ന സമയം ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഔദ്യോഗിക ആപ്പായ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം തന്നെ നോക്കണമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
വേർ ഈസ് മൈ ട്രെയിൻ, ഇക്‌സിഗോ തുടങ്ങിയ സ്വകാര്യ ആപ്പുകളാണ് പൊതുവായി ട്രെയിൻ യാത്രക്കാർ ഉപയോഗിക്കാറുള്ളത്. ഇത് പലപ്പോഴും യാത്രക്കാരുടെ ജിപിഎസ് ഉപയോഗിച്ചാണ് പ്രവർത്തിക്കാറുള്ളത്.
അതുകൊണ്ട് തന്നെ ആപ്പുകളിൽ ട്രെയിൻ സമയം മാറുന്നതും ഗതാഗത തടസ്സം നേരിടുന്നതും സാധാരണയായി അറിയാറില്ല.
ട്രെയിൻ സമയം, റദ്ദാക്കിയ ട്രെയിൻ, വഴിതിരിച്ചുവിട്ട ട്രെയിൻ എന്നിവ വ്യക്തമായി സ്വകാര്യ ആപ്പിൽ ലഭ്യമാകാത്തതുകൊണ്ടാണ് ഔദ്യോഗിക ആപ്പ് തന്നെ ഉപയോഗിക്കണമെന്ന് റെയിൽവേ അധികൃതർ നിർദേശിച്ചിരിക്കുന്നത്.
മഴക്കാലമായതോടെ റെയിൽപാളത്തിൽ മരം വീണും വെള്ളം കയറിയും ട്രെയിൻ വൈകുകയും വഴിതിരിച്ചുവിടുകയും ചെയ്യാനുള്ള സാധ്യത ഏറെയാണ്. അതിനാലാണ് വീണ്ടും മുന്നറിയിപ്പുമായി റെയിൽവേ എത്തിയത്.