പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്കായി സ്‍പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ.
ഇതരസംസ്ഥാനത്ത് നിന്നുൾപ്പെടെയുള്ള ഭക്തരുടെ തിരക്ക് കണക്കിലെടുത്താണ് റെയിൽവേയുടെ സ്‍പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത്.
കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂർ സ്റ്റേഷനുകളിലെ തിരക്ക് പരിഗണിച്ചാണ് കൂടുതൽ സർവീസുകൾ അനുവദിച്ചിരിക്കുന്നത്.
കൂടുതൽ സ്റ്റോപ്പുകളും ദക്ഷിണ റെയിൽവേ അനുവദിച്ചിട്ടുണ്ട്. നിലവിൽ ഏഴ് ട്രെയിനുകൾ സർവീസ് തുടങ്ങി. കൂടുതൽ സർവീസുകൾ ഉടൻ അനുവദിക്കുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ നിന്നും എത്തുന്ന ഭക്തർക്ക് ആശ്വാസം നൽകുന്നതാണ് കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം.
16 മുതലാണ് മണ്ഡലകാലം തുടങ്ങുന്നത്. 15 മുതലാണ് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്. ജനുവരി 20 വരെയാണ് നിലവിൽ സർവ്വീസുകൾ അനുവദിച്ചത്.
ട്രെയിനുകൾക്ക് പുറമേ ശബരിമല തീർത്ഥാടകർക്കായി കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ സ്‌റ്റേഷനുകളിൽ വിപുലമായ ഒരുക്കങ്ങളാണ് റെയിൽവേ നടത്തിയിരിക്കുന്നത്.