അനില സി എസ്
13-ാമത് ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശം അലയടിക്കാൻ ഇനി രണ്ടു നാൾ മാത്രം. ഒക്ടോബർ അഞ്ചിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഏകദിന ലോകകപ്പ് മാമാങ്കത്തിന് കൊടികയറും. പോർമുഖത്ത് പത്തു ടീമുകളാണ് ഉള്ളത്. 2019 ൽ നടന്ന അവസാന ഏകദിന ലോകകപ്പിൽ വിജയം കിരീടം ചൂടിയ ഇംഗ്ലണ്ട് ഒരു വശത്ത് നിൽക്കുമ്പോൾ, കപ്പ് സ്വന്തം തട്ടകത്തിലെത്തിക്കാനുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് ബാക്കി ടീമുകൾ. നിരവധി വിവാദങ്ങൾക്കൊടുവിൽ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം വരെ ഇന്ത്യയിലെത്തി. ലോകകപ്പിന് മുന്നോടിയായി സന്നാഹ മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. കേരളത്തിലടക്കം പെയ്യുന്ന കനത്ത മഴ മൂലം പല മത്സരങ്ങളും ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുമ്പോഴേക്കും മഴ മാറി മനം തെളിയുമെന്നാണ് പ്രതീക്ഷ. ഇന്ത്യ ആദ്യമായി ഒറ്റയ്ക്ക് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നെന്ന പ്രത്യേകതയുമുണ്ട് ഇക്കുറി.
ലോകകപ്പിൽ ഇന്ത്യൻ കയ്യൊപ്പ്
കപിൽ ദേവിന്റെ നായകത്വത്തിൽ ആദ്യമായി ഇന്ത്യ ലോകകപ്പ് ഉയർത്തുന്നത് 1983 ലാണ്. രണ്ട് ലോകകപ്പ് കിരീടങ്ങൾ നേടി ലോകക്രിക്കറ്റിലെ ഏറ്റവും ശക്തരായി തലയുയർത്തി നിന്നിരുന്ന വെസ്റ്റ് ഇൻഡീസിനെ തറപറ്റിച്ചായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. എടുത്ത പറയത്തക്ക വിശേഷണങ്ങൾ ഒന്നുമില്ലാതെ ഒരു സാധാരണ ടീമുമായാണ് കപിൽ ദേവ് കളിക്കിറങ്ങിയത്. എന്നാൽ ഇന്ത്യൻ ആരാധകരെ പോലും ഞെട്ടിച്ചുകൊണ്ട് കപിലിന്റെ സംഘം ഇംഗ്ലണ്ടിലെ ലോർഡ്സിൽ ആദ്യമായി ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടു. 1983 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ വിജയം ഇന്ത്യൻ ക്രിക്കറ്റിന് ഒരു സുപ്രധാന നേട്ടവും വഴിത്തിരിവുമായി മാറി. രാജ്യത്തിലേക്ക് ആദ്യ ലോകകപ്പ് ട്രോഫി കൊണ്ടുവരിക മാത്രമല്ല, ഇന്ത്യയിൽ ഒരു ക്രിക്കറ്റ് വിപ്ലവം സൃഷ്ടിക്കുകയും ചെയ്തു. പുതുതലമുറ ക്രിക്കറ്റിലേക്ക് ആകൃഷ്ടരാകാൻ 1983 ലെ വിജയം വഹിച്ച പങ്കു ചെറുതൊന്നുമല്ല.
ഫൈനലില്‍ ആദ്യം ബാറ്റിങിന് ഇറങ്ങേണ്ടി വന്ന ഇന്ത്യക്കു നേടാനായത് 183 റണ്‍സ് മാത്രം. വിന്‍ഡീസ് ടീമിനെ സംബന്ധിച്ച് വളരെ അനായാസം മറികടക്കാവുന്ന സ്‌കോറായിരുന്നു ഇത്. ഇന്ത്യയുടെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ വിന്‍ഡീസ് കിരീടമുറപ്പിച്ചു കഴിഞ്ഞതായി പലരും അടക്കം പറഞ്ഞു. എന്നാൽ വെറും 140 റണ്‍സിന് വിന്‍ഡീസിനെ എറിഞ്ഞിട്ട കപിലും സംഘവും 43 റണ്‍സിന്റെ മികച്ച വിജയം തന്നെയായിരുന്നു അന്നു സ്വന്തമാക്കിയത്. ആദ്യത്തെ ലോകകപ്പിനൊപ്പം ഒരു ചരിത്രം കൂടി അവിടെ പിറവികൊണ്ടു.
പിന്നീട് 28 വർഷങ്ങൾക്കിപ്പുറം മറ്റൊരു ലോകകപ്പുയർത്താൻ ഇന്ത്യക്ക് 2011 വരെ കാത്തിരിക്കേണ്ടി വന്നു. മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കു കീഴിലായിരുന്നു ഇന്ത്യയുടെ വിജയം. മുംബൈയിലെ വാംഖഡെയില്‍ നടന്ന കലാശപ്പോരില്‍ ശ്രീലങ്കയെ തകര്‍ത്തായിരുന്നു ഇന്ത്യ ലോകകപ്പ് ഉയർത്തിയത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ദൈവമെന്നറിയപ്പെടുന്ന സച്ചിൻ തെൻഡുൽക്കറിന്റെ വിരമിക്കൽ മത്സരം കൂടിയായിരുന്നു അത്. സച്ചിന് വേണ്ടി ലോകകപ്പ് നേടുമെന്ന് പറഞ്ഞായിരുന്നു ഇന്ത്യ എത്തിയത്. നായകൻ ധോണി ആ വാക്കുപാലിക്കുകയും ചെയ്തു. ആരാധകരുടെ കണ്ണുകളെ ഈറനണിയിച്ചുകൊണ്ട് വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യൻ താരങ്ങൾ വിജയകിരീടം ചൂടി. മറ്റൊരു അസുലഭ മുഹൂർത്തത്തിന് കൂടി ലോകം സാക്ഷിയായി. അന്നത്തെ താരങ്ങളിൽ ഒരാളൊഴികെ ബാക്കിയുള്ളവരെല്ലാം മല്‍സരരംഗത്തു നിന്നും വിരമിച്ചു. ഇതിഹാസ ബാറ്ററും മുന്‍ നായകനുമായ വിരാട് കോലിയാണ് ഇപ്പോഴും കളിക്കളത്തില്‍ തുടരുന്ന ഏക താരം.
ഇന്ത്യൻ പട ഒരുങ്ങി കഴിഞ്ഞു
2013-ല്‍ എംഎസ് ധോണിയുടെ നേതൃത്വത്തില്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയ ശേഷം ഇതുവരെ ഒരു ഐസിസി കിരീടത്തില്‍ മുത്തമിടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും ഏഷ്യാ കപ്പിലും ഓസ്‌ട്രേലിയക്ക് എതിരായ ഏകദിനത്തിലും വിജയം നേടിയ ഇന്ത്യയുടെ കരുത്ത് വർധിച്ചിട്ടുണ്ടെന്നു വേണം പറയാൻ. രോഹിത് ശർമയുടെ നായകത്വത്തിൽ സെഞ്ചുറികൾ വാരിക്കൂട്ടാൻ ശുഭ്മാൻ ഗില്ലും എതിരാളികളെ എറിഞ്ഞിടാൻ മുഹമ്മദ് സിറാജൂം ഒരുങ്ങി കഴിഞ്ഞു. 2023ല്‍ മാത്രം ഗില്‍ വാരിക്കൂട്ടിയത് അഞ്ച് സെഞ്ചുറികളാണ്. 2019 ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ചുറികള്‍ നേടി റെക്കോർഡ് നേടിയ നായകൻ രോഹിത് നിലവില്‍ മികച്ച ഫോമിലാണ്. രോഹിതിനൊപ്പം ശുഭ്മാന്‍ ഗിൽ ചേരുമ്പോൾ ഫീൽഡിൽ ബാറ്റിംഗ് വെടിക്കെട്ട് തന്നെ നടക്കും. മൂന്നാം നമ്പറിൽ ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി തന്നെയിറങ്ങും. ലോകകപ്പിന് മുന്നോടിയായി താരം ഫോം വീണ്ടെടുത്തതും ബാറ്റിങ് നിരയ്ക്ക് കൂടുതൽ കരുത്തേകും. ഇഷാന്‍ കിഷനും ഹാര്‍ദിക് പാണ്ഡ്യക്കുമാകും ഫിനിഷര്‍മാരുടെ റോള്‍.
പേസ് നിരയിലെ മുഹമ്മദ് സിറാജ്- ജസ്പ്രിത് ബുംറ കൂട്ടുക്കെട്ടാണ് ഇന്ത്യയുടെ പ്രധാന ആയുധം. മുഹമ്മദ് ഷമി, ഷാര്‍ദ്ദൂല്‍ താക്കൂര്‍ എന്നിവരും ഇന്ത്യൻ പ്രതീക്ഷകൾ ഉയർത്തുന്നു. ഹാര്‍ദിക് പാണ്ഡ്യ ശാരീരിക ക്ഷമത വീണ്ടെടുത്തിട്ടുണ്ട്. സ്പിന്‍ നിരയില്‍ പരിക്കേറ്റ അക്സര്‍ പട്ടേലിന്റെ അഭാവം ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് ടീമിലേക്കുള്ള സാധ്യതകൾ വർധിപ്പിക്കുന്നു. ബൗളിങ്ങില്‍ മികച്ച പ്രകടനം ആണെങ്കിലും രവീന്ദ്ര ജഡേജയുടെ ബാറ്റിംഗിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. താരം റണ്‍സ് കണ്ടെത്താതിരുന്നാല്‍ ഇന്ത്യയ്ക്ക് അത് കനത്ത തിരിച്ചടിയാകും. ഏഷ്യ കപ്പില്‍ ജഡേജയുടെ ബാറ്റിംഗ് പ്രകടനം മോശമായിരുന്നു. ലോകകപ്പിൽ ഇന്ത്യ മികച്ച ഫോമിൽ തന്നെയാണ്. പക്ഷെ എതിരാളികൾ അത്ര ബലഹീനരല്ല. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയും ഏറ്റവും കൂടുതൽ തവണ കപ്പുയർത്തിയ ഓസ്ട്രേലിയയെയും യുവതാരനിരയുടെ കരുത്തിൽ ഇറങ്ങുന്ന ശ്രീലങ്കയെയും പാകിസ്താനെയും ഇന്ത്യ ഭയക്കണം. ബാക്കി ഉള്ള ടീമുകളും ചെറുതല്ല. ഒന്നിന് പത്തായി തിരിച്ചു കൊടുക്കാനുള്ള വജ്രായുധങ്ങളെ വേണ്ട വിധം ഉപയോഗപ്പെടുത്താൻ ഇന്ത്യക്ക് കഴിയണം. കപിൽ ദേവും മഹേന്ദ്ര സിംഗ് ധോണിയും ഉയർത്തിയ ലോകകപ്പ് സ്വന്തം തട്ടകത്തിൽ രോഹിത് ശർമ്മ ഉയർത്തുന്നതിനായി കാത്തിരിക്കുകയാണ് ഓരോ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളും.
ഇന്ത്യൻ ടീം
രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, അക്സർ പട്ടേൽ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്
ഇന്ത്യയുടെ മത്സരങ്ങള്‍
ഓസ്ട്രേലിയ – ഒക്ടോബര്‍ എട്ട്, ചെന്നൈ.
അഫ്ഗാനിസ്ഥാന്‍ – ഒക്ടോബര്‍ 11, ഡല്‍ഹി.
പാക്കിസ്ഥാന്‍ – ഒക്ടോബര്‍ 14, അഹമ്മദാബാദ്.
ബംഗ്ലാദേശ് – ഒക്ടോബര്‍ 19, പൂനെ.
ന്യൂസിലന്‍ഡ് – ഒക്ടോബര്‍ 22, ധര്‍മശാല.
ഇംഗ്ലണ്ട് – ഒക്ടോബര്‍ 29, ലഖ്നൗ.
ശ്രീലങ്ക – നവംബര്‍ രണ്ട്, മുംബൈ.
ദക്ഷിണാഫ്രിക്ക – നവംബര്‍ അഞ്ച്, കൊല്‍ക്കത്ത.
നെതര്‍ലന്‍ഡ്സ് – നവംബര്‍ 12, ബെംഗളൂരു.
Read Also: രണ്ടാം ജയത്തിനായി ബ്ലാസ്റ്റേഴ്‌സ്; കരുത്തേകാൻ ദിമിത്രിയോസ്